കേരളാ കോണ്‍ഗ്രസില്‍ ഇനി ജോസ് പക്ഷവും ജോസഫ് പക്ഷവും ഇല്ല. ഇനിയുള്ളത് കേരളാ കോണ്‍ഗ്രസ്-എം മാത്രം. പുതിയ പാര്‍ട്ടി ഉണ്ടാകുന്നതുവരെ പിജെ ജോസഫ് നയിക്കുന്ന ജോസഫ് പക്ഷം വിമത വിഭാഗമായി അറിയപ്പെടും. പിജെ ജോസഫ് വാര്‍ത്താ സമ്മേളനങ്ങളില്‍ പതിവായി പറയുന്ന ഒരു വാദമായിരുന്നു ഔദ്യോഗിക വിഭാഗം ഞങ്ങളാണ്, അവര്‍ വിമതരാണെന്ന്. കേന്ദ്ര ഇലക്ഷന് കമ്മീഷന് കേരളാ കോണ്‍ഗ്രസ്-എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ചതോടെ ഇത് നേരേ തിരിച്ചായി മാറിയിരിക്കുകയാണ്.
ജോസഫ് വിഭാഗത്തിന്റെ അടുത്ത നീക്കം ഇലക്ഷന് കമ്മീഷന് വിധിക്കെതിരെ അപ്പീല്‍ പോകുക.അതോടൊപ്പം പഴയ ജോസഫ് ഗ്രൂപ്പ് പുനസംഘടിപ്പിക്കുക എന്നതായിരിക്കും. സ്വന്തം പിതാവിന്റെ പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ജോസ് കെ മാണിയോടുള്ള വാശിക്കപ്പുറം കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ജോസഫിനും വലിയ താല്പര്യമില്ല. എന്നാല്‍ കെഎം മാണി പക്ഷത്തുനിന്ന് തന്നോടൊപ്പം പോന്ന സിഎഫ് തോമസ്, തോമസ് ഉണ്ണിയാടന് എന്നിവരെയൊക്കെ ഒപ്പം നിര്‍ത്താന്‍ മാണിയുടെ പേര് നിലനിര്‍ത്തുന്നതിനായി ‘പോരാടുക’ എന്ന തന്ത്രം ജോസഫ് പ്രയോഗിക്കും. അതിനപ്പുറം തന്റെ പേരിലുള്ള സ്വന്തം പാര്‍ട്ടിയായി ഇപ്പോഴത്തെ ജോസഫ് വിഭാഗത്തെ പരിവര്‍ത്തനം ചെയ്യാനാണ് ജോസഫിന്റെ താല്പര്യം. കേരളാ കോണ്‍ഗ്രസ് എല്ലാ കാലത്തും നേതാക്കന്മാരുടെ പേരുകള്‍കൊണ്ട് രൂപീകൃതമാകുന്ന ഗ്രൂപ്പുകളും പാര്‍ട്ടിയുമാണ്. അതിനാല്‍ മാണിയുടെ പേര് പേറുക എന്നത് ജോസഫിന് അത്ര ഇഷ്ടമുള്ള കാര്യമല്ല – പ്രത്യേകിച്ചും തന്റെ പേരില്‍ വിജയകരമായി കേരളാ കോണ്‍ഗ്രസ്-ജെ എന്ന പാര്‍ട്ടി ഉണ്ടായിരുന്ന സാഹചര്യത്തില്‍ ! അതിനുള്ള നീക്കങ്ങളാകും ഇനി ജോസഫ് നടത്തുക.
© 2019 IBC Live. Developed By Web Designer London