കേരളം മുള്‍മുനയില്‍ നില്‍ക്കുകയാണ്… ഓരോ ദിവസവും ആവലാതിയോടെയാണ് കോവിഡ് കണക്കുകള്‍ നാം വീക്ഷിക്കുന്നത്… സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്… ഭീതിയോടെ ഓരോരുത്തരും നോക്കി കാണേണ്ട ഈ സാഹചര്യത്തില്‍ പോലും ഒട്ടും ശ്രദ്ധിക്കാതെ സമൂഹ വ്യാപനം വിളിച്ചുവരുത്തുന്ന കാഴ്ചകളും ഇന്ന് തിരുവനന്തപുരത്ത് എന്‍ട്രന്‍സ് പരീക്ഷയുടെ രൂപത്തില്‍ നാം കണ്ടു.. തീര്‍ത്തും അശ്രദ്ധരായിപ്പോയ നാം കേരളീയര്‍ക്ക് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓര്‍മ്മപ്പെടുത്തലെന്നോണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പും നല്കി.. സ്വയം കരുതുക എന്ന് ഏറ്റവും വലിയ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഇനി നാം പാലിക്കേണ്ടത്… അങ്ങ് ചൈനയിലെങ്ങാണ്ട് കൊറോണ വൈറസ് എന്ന് കേട്ട് കൈകള്‍ സാനിറ്റൈസറിലും സോപ്പിലും അഭിഷേകം ചെയ്തും നാം മലയാളികള്‍ ശുചിത്വത്തില്‍ ഒന്നാമന്മാരായപ്പോള് ഒരുപക്ഷേ ഇത്രയധികം സമൂഹ വ്യാപനം ഉള്ള അവസ്ഥ നാം നേരിടേണ്ടി വരുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല…. അതുകൊണ്ടാകണം ഇന്ന് ഓരോരുത്തരും അശ്രദ്ധരായി ഊരു ചുറ്റുന്നത്..
കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധയുണ്ടായതെന്നത് ആശങ്ക ശക്തമാക്കുന്നു. ഇതില്‍ 42 പേരുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനതപുരം (246) ജില്ലയിലാണ്. എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
791 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 133 പേര്‍ക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ വര്‍ധിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതര സാഹചര്യം നേരിടുന്നതായും തീരമേഖലയില്‍ അതിവേഗ വൈറസ് വ്യാപനം നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. അതിവേഗത്തിലാണു രോഗവ്യാപനം. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയും ഉയരുകയാണ്. തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷമാണ്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളു ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മരിച്ച കന്യാസ്ത്രീയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് (42) മരിച്ചത്. ശ്വസ തടസത്തെ തുടര്‍ന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഉച്ചയോടെ മരണം സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ആശങ്ക ശക്തമായി തുടരുകയാണ്. 600ന് മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യം ആശങ്ക ശക്തമാക്കുന്നതാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധയുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരിലും പോലീസ് ഉദ്യോഗസ്ഥരിലും രോഗബാധ ശക്തമാണ്.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതരമായ സാഹചര്യം. തീരമേഖലയില്‍ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തില്‍ പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയില്‍ 75 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാംപിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തില്‍. 6124 പേര് ആശുപത്രികളില്‍. ഇന്ന് മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6029 പേര് ചികിത്സയിലുണ്ട്.
ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍.. ഒരുപക്ഷേ സാമൂഹിക വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണ് എന്ന് മുന്നറിയിപ്പ് നല്കിയ സംസ്ഥാനവും കേരളം തന്നെയാവും… സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട… എല്ലാം ശ്രദ്ധയോടെ ചെയ്യുന്ന നാം മലയാളികള്‍ ഇനി അശ്രദ്ധരാവാതിരിക്കട്ടെ… സാമൂഹിക അകലം പാലിക്കുക, വ്യക്തിശുചിത്വം പാലിക്കുക, സ്വയം കരുതുക…..
-അസീല നിഷാദ്
© 2019 IBC Live. Developed By Web Designer London