തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് 110 , കാസര്‍ഗോഡ് 105 , ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79 (ഒരാള്‍ മരണമടഞ്ഞു), കോട്ടയം 77, മലപ്പുറം 68, കണ്ണൂര്‍ 62, പത്തനംതിട്ട 52 , ഇടുക്കി 40, തൃശൂര്‍ 36, പാലക്കാട് 35, വയനാട് 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര് വീട് – ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടിയേറ്റ തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള് സംഭവിച്ചു. ആലുവ നാലാം മൈലില്‍ കഴിഞ്ഞ ദിവസം മരിച്ച ചെല്ലപ്പന് (73) കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നാണ് മരിച്ചത്. ചെല്ലപ്പന്റെ മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
© 2019 IBC Live. Developed By Web Designer London