കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കും. ‘പ്ലസ് ടു ഫസ്റ്റ് സ്റ്റെപ് ‘ എന്ന പേരിലുള്ള പദ്ധതി എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരുടെയും അധ്യാപകരുടെയും വോളന്റിയര്‍മാരുടെയും സഹകരണത്തോടെയാണു നടപ്പാക്കുന്നത്. പ്ലസ് വണ്‍ ഓണ്‍ ലൈന്‍ അഡ്മിഷന് പ്രക്രിയ ആരംഭിക്കുന്ന ദിവസം മുതല്‍ ഈ സേവനം പ്രയോജനപ്പെടുത്താം. എന്‍ എസ്എസ് യൂണിറ്റുകള്‍ ഉള്ള സ്കൂളുകളില്‍ എല്ലായിടത്തും ഈ സേവനമുണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സാമൂഹിക അകലം പാലിച്ചുമാണ് കുട്ടികള്‍ അപേക്ഷാ സമര്‍പ്പണത്തിന് എത്തണ്ടത്. അതതിടങ്ങളില്‍ പത്താം ക്ലാസ് വിജയിച്ചവര്‍ക്കു സ്കൂളില്‍ എത്തേണ്ട സമയം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. എന്‍ എസ്എസ് യൂണിറ്റുകള്‍ ഇല്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ യൂണിറ്റുള്ള തൊട്ടടുത്ത സ്കൂളുകളില്‍ സൗകര്യമൊരുക്കും. തീര്‍ത്തും സൗജന്യമായി നല്കുന്ന ഈ സേവനം 2 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രയോജനപ്പെടും. അപേക്ഷാ സമര്‍പ്പണ കാലയളവില്‍ കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലും അക്ഷയ സെന്ററുകളിലും അനുഭവപ്പെടാറുള്ള തിരക്ക് ഒഴിവാക്കാനും ഇതുമൂലം സാധിക്കും. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ അമിത തുക ഈടാക്കുന്നുവെന്ന പരാതിക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്‍എസ്എസ് ഈ വര്‍ഷം സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നാമത്തെ വലിയ പദ്ധതിയാണിതെന്നു മധ്യമേഖലാ കോ ഓര്‍ഡിനേറ്റര്‍ പി.ഡി. സുഗതന് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 12.50 ലക്ഷം മാസ്ക് നിര്‍മിച്ചു നല്‍കിയതാണ് ആദ്യത്തേത്. ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി, സ്മാര്‍ട് ഫോണ്‍, ടാബ്, കംപ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 1500 ല്‍ പരം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
© 2019 IBC Live. Developed By Web Designer London