കളിയിക്കാവിള/ വാളയാര്‍: കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരള – തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്നാട് അതിര്‍ത്തി അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാന്‍ അനുവദിക്കില്ല. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും രാത്രികാലകര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കുകയെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.
കേരള അതിര്‍ത്തിയിലടക്കം കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ഇ – പാസ് നിര്‍ബന്ധമാക്കി നേരത്തേ ഉത്തരവിറങ്ങിയിരുന്നതാണ്. ഇത് നിര്‍ബന്ധമാക്കും. ഇ- പാസ്സ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്.
സമാനമായ നിയന്ത്രണങ്ങളുമായി കേരളം
കേരളത്തിലും സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിര്‍ത്തിയായ ഇഞ്ചിവിള ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ വരെ കേരള അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല.
പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലെ റജിസ്ട്രേഷന് പരിശോധിച്ച് ഇ- പാസ്സ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തി, അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. അത് വരെ പതിവ് പോലെ വാഹനങ്ങള്‍ കടന്ന് പോകുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വാക്സീന് എടുത്തവരാണെങ്കിലും 48 മണിക്കൂര്‍ മുമ്പത്തെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനില്‍ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടല്‍ എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ രാത്രികാലകര്‍ഫ്യൂവും ഞായറാഴ്ചകളില്‍ സമ്പൂര്‍ണലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതില്‍, അവശ്യസര്‍വീസുകള്‍ക്കൊഴികെ മറ്റൊന്നിനും ഇളവുണ്ടാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London