മലയാളികളുടെ പ്രിയ താരം അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ട് പോവും. വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അർധരാത്രി തന്നെ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. പിതാവ് – കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് – ഭാർഗവി അമ്മ. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. 1978ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ നടനും സംവിധായകനുമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London