സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലിൽ പശ്ചിമ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ചാണ് കേരളം കിരീടം നേടിയെടുത്തത്. ആതിഥേയരെന്ന നിലയിൽ കേരളത്തിൻറെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയിൽ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിൻറെ കിരീടനേട്ടം. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാം കിക്കെടുത്ത ബംഗാളിൻറെ സജലിന് പിഴച്ചു. സജലിൻറെ കിക്ക് പുറത്തേക്ക് പോയപ്പോൾ കേരളത്തിൻറെ കിക്കുകൾ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ എക്സ്ട്രാ ടൈമിൻറെ ഏഴാം മിനിറ്റിൽ ദിലീപ് ഓർവനിലൂടെ ബംഗാൾ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാൻ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.
കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്. മറുവശത്ത് ലഭിച്ച 2 ഗോൾ അവസരങ്ങൾ മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോൾ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London