വിസ്മയ കേസിൽ കുറ്റം നിഷേധിച്ച് പ്രതി കിരൺ കുമാർ. ശിക്ഷയിൽ ഇളവ് വേണമെന്നും എനിക്ക് പ്രായം കുറവാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിൻറെ പ്രതികരണം. അച്ഛന് സുഖമില്ല, കുടുംബത്തിൻറെ ചുമതല തനിക്കെന്നും കിരൺ കോടതിയെ അറിയിച്ചു. എന്നാൽ, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴ് വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.
കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിൻറെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London