പൊലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെ കൊച്ചി ഡിസിപി സസ്പെൻഡ് ചെയ്തു. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘുവിനെയാണ് കൊച്ചി ഡി സിപി ഐശ്വര്യ ഡോങ്റെ സസ്പെന്റ് ചെയ്തത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് സസ്പെൻഷനെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത്. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
അതേ സമയം ഉദ്ഘാടനത്തിനു ഡിസിപിയെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെൻഷനെന്നാണ് പൊലീസുകാരുടെ സംസാരം. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങൾ സ്ഥാപിച്ചത്. ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചായയും ബിസ്ക്കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം നടപ്പിലാക്കിയത്.
വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവർത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ വാർത്ത നൽകിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡിജിപി ഓപീസിൽ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റിൽ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചത്. നിരവധി സത്പ്രവൃത്തികൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ ഇതാദ്യമായല്ല വിവാദങ്ങൾ ഉയർത്തുന്നത്. നേരത്തെ ഒരു പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ തിരിച്ചറിയാതിരുന്ന വനിതാ പൊലീസുകാരിക്കെതിരെയും ഇവർ നടപടി എടുത്തിരുന്നു. ഇതിനെ ന്യായീകരിച്ച ഐശ്വര്യയുടെ നടപടി വീണ്ടും വിവാദമായി. ഇതിനെത്തുടർന്ന് കമ്മീഷണർ താക്കീതു ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London