കണ്ണൂർ: കഥകളിയുടെ പ്രോത്സാഹനത്തിനുള്ള പ്രഥമ കോട്ടയത്ത് തമ്പുരാൻസ്മൃതി- ശ്രീ മൃദംഗശൈലേശ്വരി പുരസകാരത്തിന് പ്രശസ്ത മദ്ദള കലാകാരൻ ചെർപ്പുളശ്ശേരി ശിവൻ അർഹനായി. കഥകളി മേഖലയിൽ മൗലിക സംഭാവനകൾ കണക്കിലെടുത്ത് ശ്രീ മൃദംഗശൈലേശ്വരി ദേവസ്വവും കഥകളി സഹൃദയരും സംയുക്തമായി വിശിഷ്ട കലാകാരൻമാർക്ക് സമ്മാനിക്കുന്ന അംഗീകാരമാണ് മൃദംഗ ശൈലേശ്വരി പുരസ്കാരം.
മദ്ദളത്തിൽ ശിവൻ ആശാൻ തീർക്കുന്ന ലയവിന്യാസ വിസ്മയങ്ങൾ സഹൃദയർക്ക് നൽകുന്ന അനുഭൂതി അവാച്യമാണ്. കഥകളി രംഗത്തും പഞ്ചവാദ്യത്തിലും മികവ് തെളിയിച്ച ചെർപ്പുളശ്ശേരി ശിവൻ കേരള കലാമണ്ഡലത്തിൽ അധ്യാപകനായിരുന്നു. അദ്വിതീയമായ സംഗീത ഗുണങ്ങളാണ് ചെർപ്പുളശ്ശേരി ശിവാശാന്റെ വാദന ശൈലിയുടെ കാതലായി വർത്തിക്കുന്നത്. ജന്മസിദ്ധമായ താളബോധത്തിൽ നിർമ്മിച്ചെടുക്കുന്ന അദ്ദേഹത്തിന്റെ വാദന പ്രസ്താരങ്ങളിൽ നാദത്തിന്റെ അതി സൂക്ഷ്മമായ അനുരണനങ്ങൾ ശ്രവിക്കാനാവും. ഇക്കാരണം കൊണ്ടുതന്നെയാവണം മദ്ദളവാദന ഗന്ധർവ്വനായിരുന്ന തിച്ചൂർ മണിയൻ പണിക്കരുടെ പിൻമുറക്കാരനാണ് ചെർപ്പുളശ്ശേരി ശിവനെന്ന് വാദ്യ വിചക്ഷണർ നിരീക്ഷിക്കുന്നത്.
കേരളീയ വാദ്യ രംഗത്തെ അതികായനായ ചെർപ്പുളശ്ശേരി ശിവാശാനോടുള്ള കഥകളി-സംഗതീ ആസ്വാദകരുടെ ആദരവിന്റെ അടയാളമാവുകയാണ് കോട്ടയത്ത് തമ്പുരാൻസ്മൃതി- ശ്രീ മൃദംഗശൈലേശ്വരി പുരസകാരം. ഭാരതീയ നാട്യമണ്ഡലത്തിന് കേരളം സംഭാവന ചെയ്ത അതുല്യപ്രതിഭയായ കോട്ടയത്ത് തമ്പുരാൻ. കണ്ണൂർ ജില്ലയിലെ കോട്ടയം സ്വരൂപാംഗമായിരുന്ന കോട്ടയത്ത് തമ്പുരാന്റെ, കോട്ടയം കഥകളെന്ന വിഖ്യാതമായ നാല് ആട്ടക്കഥകളാണ് ഇന്നും കഥകളിയെന്ന വിശ്വോത്തര കലയുടെ ബലിഷ്ഠ ആധാരശിലകളായി നിലകൊള്ളുന്നത്. മാർച്ച് 15ന് ശ്രീ മൃദംഗശേലേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും. പ്രശസ്തിപത്രവും ശിൽപ്പവും കാഷ് അവാർഡ് മടങ്ങിയതായിരിക്കും പുരസ്കാരമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London