പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്ന് മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന് ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇറ്റലിയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരേ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് 11ന് നിയമസഭയില്‍ ശക്തമായി രംഗത്തുവരുകയും കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അത്തരമൊരു നിലപാട് ഗള്‍ഫിലെ പ്രവാസികളോട് സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരെയും സര്‍ക്കാര്‍ ചെലവില്‍ ഒരുപോറല്പോലും ഏൽക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചരിത്രമാണ് നമുക്കുള്ളത്. എന്നാല്‍ കൊറോണമൂലം സമ്പത്തും ആരോഗ്യവും ജോലിയും നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ചെലവുപോലും കേന്ദ്രം വഹിക്കുന്നതില്ല. വന്ദേഭാരത് മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ നാട്ടിലേക്കു വരാന്‍ കാത്തിരിക്കുന്ന മൂന്നുലക്ഷത്തോളം പ്രവാസികളെ കൊണ്ടുവരാന്‍ ആറ് മാസമെങ്കിലും വേണ്ടിവരും. അവരെ കൊണ്ടുവരാന്‍ ലോക്ക് ഡൗൺ കാലത്ത് ലഭിച്ച മൂന്നു മാസം ഫലപ്രദമായി വിനിയോഗിച്ചില്ല.
ഈ പശ്ചാത്തലത്തിലാണ് വിവിധ മലയാളി പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് പ്രവാസിലോകത്ത് വലിയ ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തി. അതാണ് ഇപ്പോള്‍ അസ്ഥാനത്തായത്. പ്രവാസികള്‍ക്ക് രണ്ടരലക്ഷം കിടക്ക തയാറാണെന്നും തിരിച്ചുവരുന്നവരുടെ പരിശോധനയുടെയും ക്വാറന്റീനിന്റേയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ശനിയാഴ്ച രാത്രി ചാനല്‍ പരിപാടിയില്‍ പ്രവാസികളുടെ പ്രതിനിധിയായി പങ്കെടുത്ത സജീര്‍ കൊടിയത്തൂര്‍ പലവട്ടം കണ്ണീരണിഞ്ഞതു ലോകംമുഴുവന്‍ കണ്ടതാണ്. അതു പ്രവാസി ലോകത്തിന്റെ കണ്ണീരും തേങ്ങലുമാണ്. അവരുടെ വേദന കണ്ടില്ലെന്നു നമുക്ക് നടിക്കാനാകുമോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London