പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയിൽ കെപിസിസി മിന്നൽ പരിശോധന നടത്തിയെന്ന വാർത്തകളെ തള്ളി വി.ഡി.സതീശൻ. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാൽ കുൽസിത പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചിലർ പിന്നിൽ നിന്ന് വലിക്കുകയാണ്. ടി.യു.രാധാകൃഷ്ണൻ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. പ്രതിപക്ഷ പ്രവർത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വർക്കാണ് നടക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെന്റ് ഹൗസിൽ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആളെ അയച്ചത്. രാത്രി പത്തോടെ കെപിസിസി സംഘം കന്റോൺമെന്റിൽ എത്തിയപ്പോൾ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ പത്തിലേറെ പ്രമുഖ നേതാക്കൾ ഉണ്ടായിരുന്നു. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാൽ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാൻഡിനു പരാതി നൽകാൻ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London