കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ഡിപ്പോ അടച്ചു. ഡിപ്പോയില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. കഴിഞ്ഞദിവസമാണ് എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ കഴിഞ്ഞ 25 ന് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ 15, 22, 25 തിയതികളിലാണ് കണ്ടക്ടര്‍ ജോലിക്ക് എത്തിയത്. 15, 22 തിയതികളില്‍ പാലക്കാക്കാട്ടേക്ക് സര്‍വീസ് നടത്തിയ ബസിലും, 25ന് കാഞ്ഞാണി വഴി തൃശൂരിലേക്ക് സര്‍വീസ് നടത്തിയ ബസിലും ജോലി ചെയ്തു. ഡിപ്പോയില്‍ ഇദ്ദേഹവുമായി അടുത്തിടപഴകിയവരുടെ പട്ടിക തയാറാക്കി വരികയാണ്. മൂന്നു സര്‍വീസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25ന് രാവിലെ 8.30 നും 9.30 നും ഇടയില്‍ ഗുരുവായൂര്‍ തൃശൂര്‍ സര്‍വീസില്‍ യാത്ര ചെയ്തവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകളുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിവരികയാണ്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച ഡിപ്പോയില്‍ അണുനശീകരണം നടത്തും. നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആകുമെന്ന് എടിഒ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London