സെഫീദ സെഫി
മഞ്ഞ് പുതച്ചുറങ്ങുന്ന പ്രഭാതവും അവയെ ഇക്കിളിപെടുത്തി ഉണര്‍ത്താന്‍ ഉദിച്ചുയരുന്ന സുര്യന്റെ ദൃശ്യഭംഗിയും ആസ്വദിക്കണമെങ്കില്‍ വയനാടിന്റെ മീശപ്പുലിമലയായ കുറുമ്പാലക്കോട്ടയിലേക്ക് എത്തിയാല്‍ മതി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദ്യശ്യഭംഗിയുടെ ആനന്ദം അവിടെ നിന്നും ലഭിക്കും. വാക്കുകളില്‍ കോറിയിടാന്‍ കഴിയുന്നതല്ല അവിടുത്തെ സൗന്ദര്യം. നീ എത്ര ആഴത്തില്‍ നിന്റെ കിരണങ്ങള്‍ എന്നിലേക്ക് പതിച്ചാലും ഉണരില്ലെന്ന് വാശിപ്പിടിച്ച് മഞ്ഞ് പുതച്ചുറങ്ങുന്ന താഴ്വാരങ്ങള്‍, ശരീരം പോലും പൊതിഞ്ഞ് കാറ്റിനൊപ്പം സഞ്ചരിക്കുന്ന മൂടല്‍ മഞ്ഞ്. വയനാടന്‍ സൗന്ദര്യം നല്കുന്ന കുന്നുകള്‍, അകലെ ബാണാസുര സാഗറിന്റെ ദൃശ്യഭംഗി, വൈകുന്നേരങ്ങളില്‍ അസ്തമിക്കുന്ന സൂര്യന്റെ ഭംഗി എന്നിവയെല്ലാം ചേരുന്നതാണ് കുറുമ്പാലക്കോട്ട. ഇന്ന് സഞ്ചാരികളാല്‍ നിറഞ്ഞ് നില്കുന്ന അവിടം മുന്നേ ആരും എത്തിപ്പെടാത്ത പലരുടെയും സ്വകാര്യ വിഹാര കേന്ദ്രമായി കിടന്നിരുന്നു. പിന്നീട് അവിടങ്ങളിലെത്തിപ്പെട്ട സഞ്ചാരികളാണ് ആരും കാണാത്ത ഈ സഞ്ചാര ഇടത്തിലെ ഉദിച്ചുയരുന്ന സൂര്യന്റെയും മഞ്ഞ് പുതച്ചുറങ്ങുന്ന പ്രണയത്തെയും അവരുടെ കളി തമാശകളെയും കുറിച്ച് സോഷ്യല്‍ മീഡിയയിലെ എഴുത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്. വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കുറുമ്പാലക്കോട്ടയുടെ മുകളിലേയ്ക്കെത്താന്‍ അല്പം സാഹസികത ആവശ്യമാണ്. ചെങ്കുത്തായ നടപ്പാതകളും കുത്തനെയുള്ള കയറ്റവും സഞ്ചാരികളെ തെല്ലൊന്നു ക്ഷീണിപ്പിക്കും. എങ്കിലും മുകളിലെത്തിയാല്‍ കിട്ടുന്ന കണ്കുളിര്ക്കെയുള്ള കാഴ്ച്ചകള്‍ ഓരോ സഞ്ചാരിക്കും കയറുമ്പോള്‍ ഒഴുക്കിയ വിയര്പ്പിന് പകരം നല്‍കും. മലമുകളില്‍ വരെ വാഹനം എത്തിക്കാമെന്നതാണ് വെറോരു പ്രത്യേകത, ഓഫ് റോഡ് വാഹനങ്ങളുടെ ഒഴുക്ക്് തന്നെയുണ്ടിവിടേക്ക്. രണ്ട് കുന്നുകളിലായാണ് കുറുമ്പാലക്കോട്ടയുടെ ദൃശ്യ ഭംഗി പടര്‍ന്നു കിടക്കുന്നത് കുരിശു മലയെന്നും, ഉദയ മലയെന്നുമാണ് ആ കുന്നുകള്‍ അറിയപ്പെടുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ തുടങ്ങും സഞ്ചാരികളുടെ ഒഴുക്ക്. ഇരുട്ടില്‍ കോട്ടകയറുന്നവര് കൈയ്യില്‍ ഒരു ടോര്‍ച്ച് കരുതുന്നത് നല്ലതാണ്, വഴിയില്‍ ഇഴജന്തുക്കളുടെ ശല്ല്യം ഇല്ലാതെ സൂക്ഷിക്കാന്‍ ഇതു സഹായിക്കും. കോട്ടയുടെ രാത്രി സൗന്ദര്യവും നിശബ്ദതയും പിന്നീട് തെന്നിമാറി പകലിന്റെ വരവേല്‍പ്പുമെല്ലാം ഒരുമിച്ച് ആസ്വദിക്കാനായി ടെന്റടിച്ച് കൂടുന്നവരുമുണ്ടിവിടെ. ഒപ്പം എത്ര കണ്ടിട്ടും മതിവരാത്ത ആ ദൃശ്യ ഭംഗി വീണ്ടും കാണാനായി എത്തുന്നവരും കുറവല്ല. സഞ്ചാരികളുടെ ഈ ഒഴുക്ക് കാണുമ്പോള്‍ സന്തോഷമാണെങ്കിലും ദിനംപ്രതി കൂടുന്ന മാലിന്യ പ്രശ്നം കോട്ട നേരിട്ടുകൊണ്ടിരിക്കുന്നൊരു പ്രശ്നം തന്നെയാണ്.
© 2019 IBC Live. Developed By Web Designer London