തൃശ്ശൂർ: പാലക്കാട് കോങ്ങാട് എംഎൽഎ കെ വി വിജയദാസ് ( 61 ) അന്തരിച്ചു. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഡിസംബർ 11നാണ് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച എംഎൽഎയ്ക്ക് പിന്നീട് നെഗറ്റീവ് ആയിരുന്നു. കോവിഡ് കാരണം അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി.
2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരനെ തോൽപ്പിച്ചാണ് വിജയദാസ് നിയമസഭയിൽ എത്തിയത്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
വേലായുധൻ – താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശം.
28-ാം വയസ്സിൽ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിൻറെ പാർലമെൻററി ജീവിതം ആരംഭിക്കുന്നത്. 1996-ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016-ൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവർത്തിച്ചത്. പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London