അഡ്വ. കെ.കെ സമദ്
സംസ്കാരം കൊണ്ടും ജീവിതം കൊണ്ടും സാമീപ്യം കൊണ്ടും കേരളത്തിന്റെ സ്വന്തമെന്ന് കരുതാവുന്ന ലക്ഷദ്വീപിലും സംഘപരിവാരം അസ്വസ്ഥതയുടെ മഴു എറിഞ്ഞിരിക്കുകയാണ്. മൂലധന ഫാസിസ്റ്റ് താല്പര്യങ്ങള് അടിച്ചേല്‍പ്പിക്കുന്നതിന്നായി ഭരണകൂടം ഒരുങ്ങി നില്ക്കുമ്പോള് സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ആ മനോഹര ദേശത്തിൻ്റെ വര്‍ത്തമാനങ്ങള്‍ നാം ഏറെ ഉറക്കെ പറയേണ്ടതുണ്ട്. ഇന്ത്യന്‍ കരയില്‍ നിന്നും കിഴക്ക് പടിഞ്ഞാറായി 280 മുതല്‍ 450 കി.മി വരെ ദൂരത്തായി 32 കൊച്ചു ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് ലക്ഷദ്വീപ് സമൂഹം. ജനങ്ങള്‍ സ്ഥിര താമസം ഉള്ള 10 ദ്വീപുകളും, ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന ബങ്കാരം ഉള്‍പ്പെടുന്ന 11 ദ്വീപുകളിലാണ് മനുഷ്യ സഹവാസം ഉള്ളത്. കേന്ദ്ര ഗവണ്മെൻ്റിൻ്റെ കോര്‍പ്പറേറ്റ് ഫാസിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തില്‍ നൂറ്റാണ്ടുകളായി സമാധാനത്തോടെ കഴിഞ്ഞ് വരുന്ന ലക്ഷദ്വീപ് നിവാസികളുടെ ജീവിതം അസ്വസ്ഥ ഭരിതമായിക്കൊണ്ടിരിക്കുകയാണ്. 37-ാമത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്ര ഗവണ്മെൻ്റ് നിയോഗിച്ച ബി.ജെ.പി നേതാവായ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിഷ്കാരങ്ങള്‍ എത്രമാത്രം ആ ജനതയെ ദുരിതത്തിലാക്കുമെന്ന് മനസ്സിലാക്കണമെങ്കില്‍ ലക്ഷദ്വീപിൻ്റെ ചരിത്രവും സാംസ്കാരികവുമായ പ്രത്യേകതകള്‍ കൂടി നാം അറിയേണ്ടതുണ്ട്.
ദ്വീപിൻ്റെ ലഘു ചരിത്രം
ചേരമാന്‍ പെരുമാള്‍ രാജാവ് മക്കയിലേക്ക് പോയ സമയത്ത് ആ യാത്രാ സംഘം ലക്ഷദ്വീപില്‍ ജനവാസം കണ്ടതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1924 ല്‍ ആര്.എച്ച് എലിസ് ആണ് ദ്വീപ് സമൂഹത്തിൻ്റെ ആദ്യ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയത്. ദ്വീപിനോട് ചേര്‍ന്ന് പോവുന്ന നാവിക സംഘങ്ങള്‍ ദ്വീപ് നിവാസികളെ കൊള്ളയടിക്കുകയും സ്വത്തുക്കള്‍ കവര്‍ന്നെടുക്കുകയും ചെയ്യുക പതിവായിരുന്നു എന്ന് ചരിത്ര രേഖകളില്‍ കാണാം. പറങ്കികളുടെ കൊള്ളസംഘങ്ങളോട് ദ്വീപ് നിവാസികള്‍ നടത്തിയ ചെറുത്തു നില്പ്പുകളും ദ്വീപ് ചരിത്രത്തിന്റെ ഭാഗമാണ്. ചിറക്കല്‍ രാജ വംശവും അറക്കല്‍ ബീവിയും ടിപ്പു സുല്‍ത്താനും ദ്വീപ് ഭരണം നടത്തിയിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് മാറിയ ലക്ഷദ്വീപ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ മദ്രാസ് പ്രൊവിന്‍സിൻ്റെ ഭാഗമായിരുന്നു. 1956 നവംബര്‍ 1 ന് ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി.
എ.ഡി 662 ല്‍ അറേബ്യയില്‍ നിന്നും മുഹമ്മദ് നബിയുടെ അനുയായി ആയ ഉബൈദുള്ള ഇബ്നു മുഹമ്മദ് ഇബ്നു അബൂബക്കര്‍ (ഹസ്രത്ത് ഉബൈദുള്ള) എന്ന സൂഫി വര്യന് 14 പേരടങ്ങുന്ന സംഘവുമായി ദ്വീപിലെത്തുകയും അദ്ദേഹത്തിൻ്റെ സ്വാധീനത്തില്‍ ദ്വീപ് നിവാസികള്‍ ഇസ്ലാം മത വിശ്വാസികളായി മാറി എന്നുമാണ് പ്രബല ചരിത്രം. അന്ത്രോത്ത് ദ്വീപിലാണ് ഹസ്രത്ത് ഉബൈദുള്ളയുടെ മൃതദേഹം അടക്കം ചെയ്തിട്ടുള്ളത്. ‘ഫത്താത്തുല് ജസാഇ‘ എന്ന ഹസ്രത്ത് ഉബൈദുള്ളയുടെ പുരാതന അറബി എഴുത്തും ദ്വീപിന്റെ അതിപുരാതനമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും മറ്റു ജീവിത രീതികളിലും എല്ലാം കേരളീയ സമൂഹത്തില്‍ നിന്നും പല പ്രകടമായ വ്യത്യാസങ്ങളും പ്രത്യേകതകളും ദ്വീപ് നിവാസികള്‍ക്കുണ്ട്. സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കുന്ന സ്വത്തുക്കളെ ‘തിങ്കളാഴ്ച സ്വത്തുക്കള്‍‘ എന്നും പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കളെ ‘വെള്ളിയാഴ്ച സ്വത്തുക്കള്‍‘ എന്നുമാണ് ദ്വീപില്‍ അറിയപ്പെടുക. വെള്ളിയാഴ്ച സ്വത്തുക്കള്‍ പഴയ കാല മരുമക്കത്തായ സംവിധാനപ്രകാരമാണ് ഇപ്പോഴും ദ്വീപില്‍ വിഭജിച്ച് പോവുന്നത്. ചുരുക്കത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രത്യേക ഗോത്ര വര്‍ഗ്ഗ സംസ്കാരം നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് ലക്ഷദ്വീപ്. ദ്വീപിൻ്റെ സാംസ്കാരികവും ഭൂമി ശാസ്ത്രപരവുമായ പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിന്നും ദ്വീപ് നിവാസികളെ തനിമയോടെ നിലനിര്‍ത്തുന്നതിന്നും അവരെ പട്ടിക വര്‍ഗ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രഫുല്‍ ഖോഡയുടെ പരിഷ്കാരങ്ങളും സംഘപരിവാര്‍ അജണ്ടയും
നരേന്ദ്ര മോദി ഗവണ്മെൻ്റ് അധികാരത്തില്‍ വന്നതില്‍ പിന്നെ ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെല്ലാം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് അജണ്ടകള്‍ ലക്ഷദ്വീപിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതില്‍ പിന്നെ പ്രഫുല്‍ ഖോഡ ഉള്‍പ്പെടെ 37 അഡ്മിനിസ്ട്രേറ്റര്‍മാരാണ് പല കാലങ്ങളിലായി ലക്ഷദ്വീപിലേക്ക് നിയോഗിച്ചിട്ടുള്ളത്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് വരെ നിയോഗിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റര്മാരെല്ലാം പ്രഗല്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ ഗേന്ദ്ര ഭരണം സംഘപരിവാറിൻ്റെ കൈകളില്‍ എത്തിയതില്‍ പിന്നെ ലക്ഷദ്വീപിലേക്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍മാര്‍ സംഘപരിവാര്‍ ആശയങ്ങളോട് അടുത്ത് നില്ക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ളവരായിരുന്നു. ലക്ഷദ്വീപിനെ തങ്ങളുടെ കോര്‍പ്പറേറ്റ് വത്ക്കരണത്തിൻ്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന്നും അവിടുത്തെ ജനതയുടെ സാംസ്കാരികവും വിശ്വാസപരവുമായ സ്വസ്ഥ ജീവിതം നശിപ്പിച്ച് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്നും വേണ്ടിയുള്ള ശ്രമങ്ങളാണ് പ്രഫുല്‍ ഖോഡയിലൂടെ ബി.ജെ.പിയും ആര്.എസ്.എസും നടത്തുന്നത്.
ഭരണഘടനയുടെ 239-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് ഇന്ത്യന്‍ പ്രസിഡൻ്റിൻ്റെ അംഗീകാരത്തോടെയാണ് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് അഡ്മിനിസ്ട്രേറ്റര്‍മാരെ നിയോഗിക്കുന്നത്. ഭരണഘടനയുടെ 240-ാം ആര്‍ട്ടിക്കിള്‍ പ്രകാരം സമാധാനവും പുരോഗതിയും ക്ഷേമ ഭരണവും കൊണ്ടുവരുന്നതിന്ന് ആവശ്യായ റഗുലേഷന്‍സ് നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ലക്ഷദ്വീപിൻ്റെ സംസ്കാരവും ചരിത്രവും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളും സംരക്ഷിക്കുന്ന തരത്തില്‍ നിലവിലുള്ള Laksadweep Land Tenancy Regulation, Lakshadweep Entry Prohibition Regulation തുടങ്ങിയ സുപ്രധാന റഗുലേഷനുകളെല്ലാം പൊളിച്ചെഴുതും വിധത്തില്‍ പുതിയ നാല് റഗുലേഷനുകള്‍ നടപ്പിലാക്കാനാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ ശ്രമിക്കുന്നത്. യാതൊരു വിധ നിബന്ധനകളും നടപടിക്രമങ്ങളും പാലിക്കാതെ ലക്ഷദ്വീപ് നിവാസുകളുടെ കയ്യില്‍ നിന്നും ഭൂമി ഏകപക്ഷീയമായി പിടിച്ചെടുക്കാന്‍ ഭരണാധികാരികള്‍ക്ക് അവകാശം നല്‍കും വിധത്തിലുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള ലക്ഷദ്വീപ് ഡെവലപ്പ്മെൻ്റ് അതോറിറ്റി റഗുലേഷനാണ് (Lakshadweep Development Authortiy Regulation) അവയില്‍ ഒന്ന്.
2011 ലെ സെന്‍സസ് പ്രകാരം 66000 ആണ് ലക്ഷദ്വീപിലെ ജനസംഖ്യ. എന്നാല്‍ ക്രൈം റൈറ്റില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും അവസാനം നില്ക്കുന്ന ഭൂ പ്രദേശമാണ് ലക്ഷദ്വീപ്. നാളിതവരെയുള്ള ദ്വീപിൻ്റെ ചരിത്രത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസുകളുടെ എണ്ണം വെറും 3 മാത്രമാണ്. അതില്‍ 2 കേസുകളിലെയും പ്രതികള്‍ മാനസിക വിഭ്രാന്തിയുള്ളവരാണ് എന്ന് കൂടി അറിയുമ്പോള്‍ തന്നെ എത്ര മാത്രം ശാന്തമായ സാഹചര്യത്തിലൂടെയാണ് ദ്വീപ് വാസികള്‍ ജീവിച്ച് വരുന്നത് എന്ന് നമുക്ക് ബോധ്യപ്പെടും. ഇത്രത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു പ്രദേശത്ത് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ഗുണ്ടാ ആക്റ്റിന് സമാനമായ ലക്ഷദ്വീപ് ആൻ്റി സോഷ്യല്‍ ആക്റ്റീവിറ്റീസ് റെഗുലേഷന് (Lakshadweep Anti Social Activities Regulation) നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. തൻ്റെ തൃപ്തിക്ക് (Satisfaction) അനുസൃതമായി ഏതൊരു വ്യക്തിയെയും 12 മാസക്കാലം വരെ കരുതല്‍ തടങ്കലില്‍ വെക്കുവാന്‍ ഈ റഗുലേഷനില്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്കുന്നു. മാത്രമല്ല, അഡൈ്വസറി ബോര്‍ഡ് മുമ്പാകെ ഹാജരാക്കുന്ന വ്യക്തിക്ക് അഭിഭാഷക സേവനം പോലും ഈ റഗുലേഷന് പ്രകാരം നിഷേധിക്കപ്പെടുകയാണ്. ലക്ഷദ്വീപില്‍ നിലവില്‍ ജനാധിപത്യ രീതിയിലുള്ള ഗ്രാമ – ജില്ലാ പഞ്ചായത്ത് സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ലക്ഷദ്വീപ് ജനതയെ സംബന്ധിച്ച് അടിസ്ഥാനപരമായ അറിവ് പോലും ഇല്ലാത്ത തരത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് പഞ്ചായത്ത് റഗുലേഷന് എന്ന തരത്തില്‍ പുതിയ റഗുലേഷന് കൊണ്ടുവരുന്നത്. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത വിചിത്രമായ നിബന്ധനകളാണ് ഈ റഗുലേഷനില്‍ എഴുതിവെക്കപ്പെട്ടിട്ടുള്ളത്. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് അംഗങ്ങളായി മത്സരിക്കാന്‍ ഈ റഗുലേഷന് പ്രകാരം സാധിക്കില്ല.
ദ്വീപ് നിവാസികള്‍ എല്ലാവരും പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ് എന്നിരിക്കെ പട്ടിക വര്ഗക്കാര്പ്പ് പഞ്ചായത്തില്‍ സീറ്റ് സംവരണം ചെയ്തിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ നിന്ന് പഞ്ചായത്തിൻ്റെ സാമ്പത്തികവും നയപരവുമായ അധികാരങ്ങള്‍ ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് നല്കുന്ന തരത്തിലാണ് ഈ റഗുലേഷനിലെ വകുപ്പുകള്‍ എഴുതിവെക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ അധികാരവികേന്ദ്രീകരണ തത്വത്തിന് തികച്ചും ഘടകവിരുദ്ധമാണ് ഈ റഗുലേഷന്. ലക്ഷദ്വീപ് നിവാസികളുടെ മതപരമായ വിശ്വാസങ്ങളെയും ആചാര അനിഷ്ടാനങ്ങളെയും ഹനിക്കും വിധത്തില്‍ കൊണ്ടുവന്നിട്ടുള്ള മറ്റൊരു റഗുലേഷനാണ് ലക്ഷദ്വീപ് അനിമല്‍ പ്രിസര്‍വേഷന്‍ റഗുലേഷന് (Lakshadweep Animal Preservation Regulation). ലക്ഷദ്വീപ് നിവാസികളുടെ ഭക്ഷണ സ്വാതന്ത പോലും സംഘപരിവാര്‍ ഭരണകൂടം ഈ റഗുലേഷന് വഴി കൈ വെക്കുകയാണ്. ഭരണകൂടത്തിൻ്റെ പ്രത്യേക അനുമതിയില്ലാതെ മതപരമായ വിശ്വാസത്തിന്റെ ഭാഗമായി പോലും 15 വയസ്സ് പൂര്‍ത്തീകരിക്കാത്ത ഒരു മൃഗത്തെയും കൊല്ലുന്നതും ഭക്ഷിക്കുന്നതുമെല്ലാം ഈ റഗുലേഷന് വഴി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാല്‍ അത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കുന്നു. മാത്രമല്ല, കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വരെ നല്കുവാനുള്ള വകുപ്പുകള്‍ ഈ റഗുലേഷനില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നൂറ് ശതമാനം മുസ്ലിം മത വിശ്വാസികള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ തികച്ചും വര്‍ഗീയമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിലൂടെ പുതിയ അഡ്മിനിസ്ട്രേറ്ററും സംഘ പരിവാറും ദക്ഷിണേന്ത്യയിലും അസ്വസ്ഥതയുടെ പുതിയ തുരുത്തുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.
പരിഷ്കാരങ്ങളുടെ പിന്നിലെ കോര്‍പ്പറേറ്റ് ലക്ഷ്യങ്ങള്‍
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പവിഴ പുറ്റുകളുടെ വലിയ ശേഖരമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഇന്ത്യയില്‍ തന്നെ ലക്ഷദ്വീപിനെ പോലെ ക്വാറല് ഐലൻ്റ്(Coral Island) വേറെയില്ല എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 4200 സാ ലഗൂണ്‍ (ആഴക്കടലില്‍ നിന്നും ദ്വീപുകളെ തരം തിരിക്കുന്ന മനോഹരമായ കടല്‍ പരപ്പ്) പ്രദേശമുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്. അനന്തമായ ടൂറിസ്റ്റ് നിക്ഷേപ സാധ്യതയാണ് ദ്വീപിൻ്റെ ഭൂവ്യവസ്ഥതിയുടെ മുകളിലും സാംസ്കാരിക തനിമയുടെ മുകളിലും കൈ വെക്കാന്‍ സംഘ പരിവാര്‍ ശക്തികളെ പ്രലോഭിക്കുന്നത്. സ്വകാര്യ നിക്ഷേപകര്‍ക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ നിര്‍ബാധം തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളാണ് ഈ നടപടികളിലൂടെ നടത്തുന്നത്. ലക്ഷദ്വീപ് നിവാസിയുടെ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് ഏറ്റെടുക്കുമ്പോള്‍ സ്ക്വയര്‍മീറ്ററിന് 34 രൂപ നിശ്ചിത വാടക നല്‍കണമായിരുന്നു. എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്തതില്‍ പിന്നെ ഈ സംഖ്യ ഏകപക്ഷീയമായി 16 രൂപ മാത്രമായി ചുരുക്കുകയുണ്ടായി. ഇതില്‍ നിന്ന് തന്നെ അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം വ്യക്തമാണ്.
മാത്രമല്ല, അമൂല്‍ കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റര്‍ തൻ്റെ കമ്പനിയുടെ ഉല്പന്നങ്ങള് ലക്ഷദ്വീപ് നിവാസികള്‍ക്കിടയില്‍ വില്‍പ്പന നടത്തുവാനും ശ്രമ നടത്തി വരുന്നുണ്ട്. അമൂല്‍ ഉല്പന്നങ്ങള് ദ്വീപിലെ സഹകരണ സംഘങ്ങള്‍ വഴിയും പൊതു വിതരണ കേന്ദ്രങ്ങള്‍ വഴിയും വില്‍പ്പന നടത്താന്‍ ഉതകും വിധത്തില്‍ ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് രംഗത്തും, സൊസൈറ്റീസ് രജിസ്ട്രേഷന് നിയമത്തിലും പുതിയ റഗുലേഷനുകള്‍ കൊണ്ടുവരാന്‍ ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, തൻ്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കും വിധത്തില്‍ തദ്ദേശീയരായ സര്‍ക്കാര്‍ ജീവനക്കാരെ വിവിധ വകുപ്പുകളില്‍ നിന്ന് അകാരണമായി പിരിച്ച് വിടുന്നതും അവിടങ്ങളില്‍ പുറമെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പുതിയ അഡ്മിനിസ്ട്രേറ്റര്‍ നയമായി സ്വീകരിച്ചിരിക്കുന്നു.
കോവിഡ് പ്രോട്ടോകോളില്‍ വരുത്തിയ മാറ്റം
പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജ് എടുക്കുന്നത് വരെ ലക്ഷദ്വീപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അന്ന് ഉണ്ടായിരുന്ന കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കരയില്‍ നിന്നും ദ്വീപിലേക്ക് പോവുന്നയാള്‍ നെഗറ്റീവ് റിസല്‍റ്റ് സഹിതം ഏഴ് ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്വാറൻ്റൈൻ കേന്ദ്രത്തില്‍ കഴിയുകയും തുടര്‍ന്ന് ദ്വീപില്‍ എത്തിയതിന് ശേഷം വീണ്ടും 7 ദിവസം ക്വാറന്റൈനില്‍ ഇരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ഈ പ്രോട്ടോകോളില്‍ മാറ്റം വരുത്തുകയും 48 മണിക്കൂര്‍ മുമ്പ് എടുത്ത ഞഠജഇഞ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം ഉണ്ടെങ്കില്‍ ആര്‍ക്കും ദ്വീപിലേക്ക് വരാം എന്ന നിലപാട് സ്വീകരിക്കുകയുമുണ്ടായി. ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും ലക്ഷദ്വീപില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇത് ജനകീയ പ്രക്ഷേഭങ്ങള്‍ക്ക് പോലും തടസ്സമായി നില്ക്കുന്നു.
മഹാമാരികളുടെ കാലക്ക് ഏകാധിപതികളും ഫാസിസ്റ്റുകളും അധികാര കേന്ദ്രീകരണത്തിന് ശ്രമിച്ചത് ലോക ചരിത്രത്തിൻ്റെ ഭാഗമാണ്. ഈ ദുരിത കാലത്ത് ലക്ഷദ്വീപ് നിവാസികളായ സാധാരണ മനുഷ്യരുടെ മേല്‍ സംഘപരിവാരം നടത്തുന്ന സാംസ്കാരിക-സാമ്പത്തിക അധിനിവേശത്തെ സര്‍വ്വ ശക്തിയും എടുത്ത് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ജനാധിപത്യ-മതേതര ബോധമുള്ള സര്‍വ്വരുടെയും വര്‍ത്തമാനകാല ഉത്തരവാദിത്വമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London