ടി പി ജലാല്‍
കൊല്ലം: തമിഴ്നാടിനൊപ്പം ഇതര സംസ്ഥാനങ്ങളിലും സജീവമായി നടക്കുന്ന സിനിമാ രാഷ്ട്രീയത്തിലേക്ക് കേരളവും മാറുന്നു. പ്രമുഖ താരങ്ങളൊക്കെയും യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. നിലവിലെ കേരള ചരിത്രം മാറ്റി മറിച്ചു കൊണ്ടാണ് കേരള രാഷ്ട്രീയം തമിഴ് മോഡലിലേക്ക് മാറുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കേരളത്തിലെ പ്രമുഖ അഭിനേതാക്കള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നത്. രമേഷ് പിഷാരടി, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂടും ബിജു മേനോനും യു.ഡി.എഫിൻ്റെ പിന്മുറക്കാരായിട്ടുണ്ട്. സുരേഷ് ഗോപിയും ഇപ്പോഴിതാ കൃഷ്ണകുമാറും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ഭാഗമായി. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥിയായ മുകേഷിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഏറെ ചര്‍ച്ചയായത്. ഇതിന് പുറമെ കെ.പി.എ.സി ലളിതയും എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു.
കടുത്ത കമ്മ്യൂണിസ്റ്റ് ആശയക്കാരനായിരുന്ന മരണപ്പെട്ട മുരളിയും 1999 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയിട്ടുണ്ട്. 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷും പിള്ള കോണ്‍ഗ്രസുകാരനായി ഗണേഷ് കുമാറും ഭീമന് രഘുവും(ബി.ജെ.പി) നിയമസഭയിലേക്ക് ഏറ്റുമുട്ടിയത് സിനിമാതാരങ്ങളുടെ നേര്‍ക്കു നേരെയുള്ള മത്സരവും കാണാനായി. ലോക്സഭയില്‍ ഇന്നസെന്റും ഇടം പിടിച്ചതോടെ മലയാളി താരങ്ങള്‍ക്ക് ഇതൊരു പ്രചോദനമാവുകയായിരുന്നു. ബി.ജെ.പി ടിക്കറ്റില്‍ രാജസേനനും ഒരു കൈ നോക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേംനസീറും കോണ്‍ഗ്രസിന്റെ പ്രചരണരംഗത്ത് സജീവമായിരുന്നു. കെ.ബി ഗണേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് ഒരു പരീക്ഷണം നടത്തിയതോടെയാണ് സിനിമാ രംഗം രാഷ്ട്രീയത്തിലേക്ക് ചായാന്‍ തുടങ്ങിയത്. ഇദ്ദേഹം കഴിഞ്ഞ മന്ത്രി സഭയില്‍ മന്ത്രിസ്ഥാനത്ത് വരെ എത്തിയതോടെ പല താരങ്ങളിലും പുതിയ ആഗ്രഹമുദിച്ചു. ഇനി മുന്‍ നിര താരങ്ങള്‍ മാത്രമാണ് സജീവമായി രാഷ്ട്രീയത്തിലെത്താന്‍ ബാക്കിയുള്ളത്. മമ്മൂട്ടി ഇടതു പക്ഷ സഹയാത്രികനാണെങ്കിലും സജീവമല്ല. മോഹന്‍ലാലും രംഗ പ്രവേശനം ചെയ്തിട്ടില്ല. തമിഴ്നാട്ടിലെ പോലെ താര പാര്‍ട്ടികളുടെ കാലവും വിദൂരമല്ല. വരും തിരഞ്ഞെടുപ്പുകളില്‍ ഇതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. താര സംഘടനയായ അമ്മ പോലൂം രാഷ്ട്രീയ വത്കരിക്കുന്ന കാലം വന്നതോടെ ഒരു കൊടിയുടെ മറയില്ലാതെ മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടായി തോന്നിയതാണ് താരങ്ങളെ മാറ്റിച്ചിന്തിപ്പിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London