എടപ്പാൾ: 2022 ലെ ലോക കേരള സഭാ അംഗമായി ലിഷാർ ടി പി യെ തെരഞ്ഞെടുത്തു. 2020 ലെ ലോക കേരള സഭയിലും അമേരിക്കയിൽ നിന്നുള്ള പ്രധിനിധിയായി പങ്കെടുത്ത ഇദ്ദേഹം അമേരിക്കൻ മലയാളികൾ നിർദേശിച്ച നൂറോളം ആശയങ്ങൾ ഉൾക്കൊള്ളിച്ച പ്രൊപോസൽ സഭയിൽ അവതരിപ്പിച്ചിരുന്നു. സിയാറ്റിലിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനി ആയ പ്രമേറ ബ്ലൂ ക്രോസ്സ് കമ്പനിയിൽ പ്രിൻസിപ്പൽ പ്രോഡക്റ്റ് മാനേജറായി ജോലി ചെയ്യുകയാണ് ലിഷാർ. 2001 മുതൽ ടി സി എസ്, ഇൻഫോസിസ് എന്നീ ഐ ടി സ്ഥാപനങ്ങൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്ന ലിഷാർ എടപ്പാൾ അണ്ണക്കമ്പാട് സ്വദേശിയാണ്.
കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മേഖലയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേർന്ന് കോഴിക്കോട് ആസ്ഥാനമായി ‘സാന്ത്വനം കെയർ ഫൌണ്ടേഷൻ’ രൂപികരിച്ച് സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2018 ലെ പ്രളയ കാലത്തു സാന്ത്വനം ഫൗണ്ടേഷനിലൂടെ അമേരിക്കൻ മലയാളി സുഹൃത്തുക്കളുടെയും, നൻമ പോലുള്ള സംഘടനകളുടെയും പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും, ക്യാമ്പുകളിൽ നേരിട്ട് ഇടപെട്ടും പ്രവർത്തിച്ചു. കോവിഡ് റിപ്പോർട്ട് ചെയ്ത 2020 മാർച്ചിൽ അമേരിക്കൻ മലയാളികളുടെ യാത്രാസംബന്ധമായും, തൊഴിൽ പരമായും, ആരോഗ്യപരമായും ഉള്ള വിവിധ വിഷയങ്ങൾ പരിഹരിക്കാൻ വേണ്ടി കേരള സർക്കാർ മുൻകൈ എടുത്ത് നോർക്കയുടെ നേതൃത്വത്തിൽ അമേരിക്കയിലെ ലോക കേരള സഭാ അംഗങ്ങളുടെ കൂട്ടായ്മയുമായുമായി ചേർന്ന് ഹെൽപ് ഡെസ്ക് രൂപീകരിക്കാനും അത് ഒരു വർഷത്തോളം നടത്തി കൊണ്ട് പോകാനും ലിഷാർ നേതൃത്വം നൽകിയിരുന്നു.
കോഴിക്കോട് കിൻഫ്ര ആസ്ഥാനമാക്കി രൂപം കൊണ്ട IT വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ‘കൊക്കോസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ ആണ് ലിഷാർ. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 15,000 ത്തിലധികം വിദ്യാർത്ഥികൾ ഈ വര്ഷം കൊക്കോസ് ന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് IT പുസ്തകങ്ങളും ഓൺലൈൻ പ്ലാറ്റഫോമും ഉപയോഗിച്ച് പഠിക്കുന്നു. തങ്ങളുടെ IT മേഖലയിലെ അനുഭവ പരിചയം പുതിയ തലമുറക്ക് പകർന്നു നൽകി പുതിയ കാലഘട്ടത്തിലെ ജോലി സാധ്യതകൾക്ക് അവരെ തയ്യാറാക്കി എടുക്കുകയാണ് ലിഷാർ ഉൾപ്പെടുന്ന IT വിദഗ്ദ്ധരുടെ കൂട്ടായ്മ ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നത്.
ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ബൃഹത്തായ അറിവും, അനുഭവസമ്പത്തും കേരള സർക്കാരിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിഷാർ ലോക കേരള സഭയിൽ പങ്കെടുക്കാൻ മുന്നോട്ടു വരുന്നത്. അണ്ണക്കമ്പാട് സ്വദേശി മൊയ്തുണ്ണി മാസ്റ്ററുടെയും നഫീസുവിന്റെയും മകൻ ആണ് ലിഷാർ. ലീഗൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുന്ന മീര ആണ് ലിഷറിന്റെ ഭാര്യ. ഇഹ്സാൻ ലിഷാറും (9-ാം ക്ലാസ്), ഫൈഹ ലിഷാറും (2-ാം ക്ലാസ്) മക്കളാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London