തദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 5 ജില്ലകളിലായി 76.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തി
കോവിഡിനോടുള്ള ഭീതി മറന്ന് വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകിയതോടെ തദേശ തെരഞ്ഞെടുപ്പിൻറെ ആദ്യ ഘട്ടത്തെ മറികടന്ന കുതിപ്പാണ് രണ്ടാംഘട്ട പോളിംഗിലുണ്ടായത്. ഒന്നാം ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 76ന് മുകളിലേക്ക് പോയി. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം എറണാകുളം 77.05, കോട്ടയം 74, പാലക്കാട് 77.87, തൃശൂർ 74.96, വയനാട് 79.39 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണിക്ക് തന്നെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടത് ഉയർന്ന പോളിംഗിൻറെ സൂചന നൽകിയിരുന്നു. ഉച്ചയോടെ 5 ജില്ലകളിലും പോളിംഗ് 50 ശതമാനം കവിയുകയും ചെയ്തു. വൈകീട്ട് ആറുമണി കഴിഞ്ഞും ചില പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടർന്ന് ഇവർക്ക് ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമേർപ്പെടുത്തി. വോട്ടിംഗ് മെഷീനിൽ ചിലയിടങ്ങളിൽ തകരാർ ഉണ്ടായതൊഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് രണ്ടാംഘട്ട പോളിംഗും പൂർത്തിയായത്. കോവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിലും വീഴ്ച വന്നില്ല. മൂന്നാമത്തേയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 14ന് നടക്കും. 16നാണ് വോട്ടെണ്ണൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London