കുട്ടികൾ പൂക്കളെ പോലെയാണ്….വിടരാൻ കൊതിക്കുന്ന ആ പൂമൊട്ടുകളെ നുള്ളിക്കളയരുത്; അത് വസന്തത്തെ നഷ്ടപ്പെടുത്തും. പഠിപ്പോ ,നിറമോ, ഇട്ട കുപ്പായത്തിൻ്റെ ഭംഗിയോ നോക്കാതെ ഓരോ കുട്ടികളെയും നമ്മുടെ സമൂഹം ചേർത്തുപിടിക്കുമ്പോഴാണ് നാളെ ഈ നാട് സുന്ദരമാകുന്നത്. അവഗണനകളുടെയും പരിഹാസങ്ങളുടെയും നടുവിൽ തല കുനിച്ചു നിൽക്കേണ്ടി വന്ന ബാല്യകാല ജീവിതങ്ങൾക്ക് മുന്നിലാണ് ഈ ചിത്രം സമർപ്പിച്ചത്. ജാഫർ കുറ്റിപ്പുറമാണ് ഈ കുഞ്ഞ് വലിയ സിനിമയുടെ അമരക്കാരൻ. പ്രശസ്ത മലയാള നാടകകൃത്ത് പ്രകാശൻ മാണിക്കോത്ത് രചിച്ച ‘കുട്ടികൾ പൂക്കളാകുന്നു’ എന്ന ലഘു നാടകത്തിൻ്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമായ ‘മധുരനെല്ലിക്ക’ എന്ന കുട്ടികളുടെ കൊച്ചു സിനിമയുടെ ആദ്യ പ്രദർശനം എടപ്പാൾ യാസ്പൊ പൊറൂക്കര ഗ്രൗണ്ടിൽ നിറഞ്ഞ കാണികൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രദർശന ഉത്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ. ആലംകോട് ലീലാകൃഷ്ണൻ നിർവഹിച്ചു. കെപി സാവിത്രി സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് ശ്രീ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മധുരനെല്ലിക്കയിൽ പാർഥിപ് വിശ്വനാഥൻ, സുബ്ഹാൻ ജാഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ സിനിമാ-സീരിയൽ-നാടക മേഖലയിലെ പല പ്രമുഖരും അറുപതോളം കുട്ടികളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. സുബഹ് ഫിലിംസിന്റെ ബാനറിൽ ലിവ ഇന്റർനാഷണലിന്റെ സഹകരണത്തോടെ അഷ്റഫ് ലിവയും, ബഷീർ വളാഞ്ചേരിയുമാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പ്രദീപൻ തിരക്കഥ ഒരുക്കിയിരിക്കുന്ന മധുരനെല്ലിക്കയിൽ ക്യാമറ ചലിപ്പിച്ചിട്ടുള്ളത് ജിതേഷ് കുമ്പിടിയും, സംഗീതം നിർവഹിച്ചിരിക്കുന്നത് ജോയ് മാധവനാണ്. കലാ സംവിധാനം അശോകൻ കുറ്റിപ്പുറവും മേക്ക്അപ്പ് ഇടവേള റാഫിയും ഉണ്ണി കോട്ടോപ്പാടത്ത് പ്രൊഡക്ഷൻ കൺട്രോളറുമാണ്.
ഈ സിനിമയുടെ സന്ദേശം എല്ലാ അധ്യാപകരിലേക്കും കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിന് വേണ്ടി മധുരനെല്ലിക്കയുടെ തുടർന്നുള്ള പ്രദർശനങ്ങൾ കേരളത്തിലെ സ്കൂളുകളെ കേന്ദ്രീകരിച്ചായിരിക്കുമെന്നു സംവിധായകൻ ജാഫർ കുറ്റിപ്പുറം അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London