മലപ്പുറം : പുതുതായി ചുമതലയേറ്റ ഉടൻ മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി നൽകിയ വാഗ്ദാനം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നിൽ പൂർത്തിയായി. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാർക്ക് പ്രഭാത സവാരിക്കാർക്ക് പ്രവേശനം നിർത്തിവെച്ചിരുന്നു. ദിവസേനയെന്നോണം നൂറുകണക്കിന് ആളുകൾ നേരം പുലരുന്നതു മുതൽ മലപ്പുറം കോട്ടക്കുന്നിൽ പ്രഭാത സവാരിക്കായി എത്തിചേരാറുണ്ടായിരുന്നു. മലപ്പുറം നഗരത്തിന്റെ പുലർകാല കാഴ്ചകളിൽ ഏറെ മനം കവരുന്നതായിരുന്നു കോട്ടക്കുന്നിന്റെ ചെരിവുകളിലൂടെയുള്ള പ്രഭാത നടത്തം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിടുകയോ നിയന്ത്രണം വരുത്തുകയോ ചെയ്ത ഇടങ്ങളിലെല്ലാം തുറന്നു പ്രവർത്തിച്ചെങ്കിലും ബഹുജന ആവശ്യം ഉയർന്ന് വന്നശേഷവും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടക്കുന്ന് തുറന്നു കൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത തൊട്ടടുത്ത ദിവസം മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിയുടെയും മുൻസിപ്പൽ കൗൺസിലർമാരുടെയും നേതൃത്വത്തിലുള്ള സംഘം കലക്ടറെ കാണുകയും തുടർന്ന് കലക്ടർ അടിയന്തിരമായി ഇടപെട്ട് പാർക്ക് തുറന്നു കൊടുക്കുകയും ചെയ്തു. വീണ്ടും പ്രഭാത സവാരിക്കാർക്ക് തുറന്നു കൊടുക്കുന്ന ചടങ്ങ് മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിയും ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിൽ പ്രഭാത സവാരി നടത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ സി കെ ഷഹീർ, മഹ്മൂദ് കോതേങ്ങൽ, ഷാഫി, ഷജീർ കളപ്പാടൻ, പി എസ് എ ഷബീർ, റഊഫ് മാസ്റ്റർ വരിക്കോടൻ, ഹനീഫ് രാജാജി, ഡി ടി പി സി സെക്രട്ടറി ദിനേഷൻ കുഞ്ഞപ്പൻ എന്നിവർ നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London