മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷോക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. നിറയെ സർപ്രൈസുകളുമായാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മമ്മൂട്ടിയടക്കമുള്ള സിനിമയിലെ താരങ്ങൾ. ഇതിനിടെ സിനിമയിൽ എത്തിയിട്ട് 50 വർഷം ആയ കാര്യവും ചർച്ചയായിരുന്നു. പരിപാടിയുടെ അവതാരകയാണ് അമ്പത് വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് ചോദിച്ചത്.
എന്നാൽ താൻ സിനിമയിൽ എത്തിയിട്ട് അമ്പത് ആയിട്ടില്ലെന്നും ശരിക്കും പറഞ്ഞാൽ നാൽപത് വർഷമല്ലേ ആയിട്ടുള്ളുവെന്നും മമ്മൂട്ടി തിരിച്ച് ചോദിച്ചു. ഞാൻ 1971 ൽ ഒരു സിനിമയിൽ അഭിനയിച്ചതിന് ശേഷം പിന്നെ 1980 ലാണ് സിനിമയിൽ അഭിനയിക്കുന്നത്. അതിനിടയ്ക്ക് ഒരു ഒമ്പത് വർഷം ഉണ്ട്. അത് ആരുടെ കണക്കിൽ കൂട്ടുമോ ആവോ എന്നാണ് തമാശയോടെ മമ്മൂട്ടി ചോദിച്ചത്. ഇതോടെ ഓൾമോസ്റ്റ് അമ്പത് വർഷമെന്ന് അവതാരക പറഞ്ഞു. നാൽപ്പത്തിയൊന്നും അമ്പതുമൊക്കെ ഓൾമോസ്റ്റാണോ? എന്നാൽ പിന്നെ ഓൾമോസ്റ്റ് നൂറ് ആക്കിക്കോ എനിക്കിപ്പോ എന്താ ബുദ്ധിമുട്ട് എന്നായി’, മമ്മൂട്ടി.
ശരിക്കും ഞാൻ സിനിമയിൽ സജീവമാകുന്നത് 1981 ലാണ്. ഏകദേശം നാൽപത് വർഷമായി. അത് നമുക്ക് അംഗീകരിക്കാം. പക്ഷേ അമ്പത് വർഷം എന്ന് പറയുന്നത് കുറച്ച് കൂടുതലാണ്. സിനിമ എന്താണെന്ന് പോലും അറിയാത്ത കാലത്താണ് ഞാനൊന്ന് വന്ന് മുഖം കാണിച്ചിട്ട് പോയത്. പക്ഷേ കമൽ ഹാസനൊക്കെ ഒരുപാട് കാലം തുടർച്ചയായി അഭിനയിച്ചിട്ടുണ്ട്. അന്ന് മുഖം കണ്ടിട്ട് നമ്മളെ പിന്നെ ആരും വിളിച്ചില്ല. അതോട് കൂടി ഇയാൾ നിർത്തി നാട് വിട്ടോ എന്ന് കരുതി ആരും വിളിച്ചില്ല. പിന്നെ ഞാൻ പുറകേ നടന്ന് ഓപ്പിച്ചതാണിത്. അമ്പത് വർഷം ഞാൻ സിനിമയുടെ പുറകിലൂടെ നടന്നുവെന്ന് വേണമെങ്കിൽ കണക്ക് കൂട്ടാമെന്നും മൊഗാസ്റ്റാർ പറയുന്നു. മമ്മൂട്ടി ആദ്യം അഭിനയിച്ചത് അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ്. 1971 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വളരെ ചെറിയൊരു റോളായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിൽ സജീവമാവാൻ താരം തീരുമാനിച്ചത്. അവിടം മുതലാണ് മലയാള സിനിമയുടെ മെഗാസ്റ്റാറും താര രാജാവുമൊക്കെയായിട്ടുള്ള മാറ്റം.
കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബർ ഏഴിന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് പുറമേ ഷറഫുദ്ദീൻ, ജഗദീഷ്, ബിന്ദു പണിക്കർ, കോട്ടയം നസീർ, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London