കണ്ണൂര്‍: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ വധക്കേസ് പ്രതി കൂലോത്ത് രതീഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിന്റ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്കടക്കം പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് ഒരു മല്‍പ്പിടിത്തത്തില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം.
മരണം ആത്മഹത്യയല്ല എന്ന സൂചന നല്‍കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ചെക്യാട് അരൂണ്ടയില്‍ പോലീസിന്റെ വിദഗ്ധപരിശോധന നടത്തി. വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. ചെക്യാട് പഞ്ചായത്തിലെ അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന് കൊമ്പിലാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സി.പി.ഐ.എം. പ്രവര്‍ത്തകനായ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ (36) നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London