ഫുട്ബോൾ ഇതിഹാസ താരം ഡിയോഗോ മറഡോണ അന്തരിച്ചതിൻറെ അപ്രതീക്ഷിത ഞെട്ടലിലാണ് കായിക ലോകവും ആരാധകരും. 60 വയസായിരുന്നു. മറഡോണ രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാൽ അദ്ദേഹം മരിച്ചെന്നുള്ള അപ്രതീക്ഷിത വാർത്തയാണ് ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം പത്തുമണിയോടെ പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു.
‘ദൈവം മരിക്കുമോ? ’ ‘അനശ്വരൻ’… എന്നിങ്ങനെ പലതരത്തിലാണ് ആരാധകർ ഡീഗോയെ ഓർക്കുന്നത്. കേരളത്തിൽ ആദ്യമായി മലയാളി ലൈവ് കണ്ട ലോകകപ്പ് ഫുട്ബോൾ ആയിരുന്നു 1986ലേത്. ആ ലോകകപ്പിലെ ഹീറോയായിരുന്നു ഡിയോഗോ മറഡോണ.
ലോകത്തിൻറെ പ്രിയപ്പെട്ട ഫുട്ബോൾ ദൈവം എന്ന് വിളിക്കപ്പെടുന്ന കളിക്കാരൻറെ മരണം കായിക പ്രേമികളെ മാത്രമല്ല ഞെട്ടലിലാക്കിയത്. പത്ത് മണിക്ക് ശേഷം #Maradona എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻറിംഗാണ്. ഒപ്പം തന്നെ ദ ഗോഡ്, ഹാൻറ് ഓഫ് ഗോഡ് എന്നീ ഹാഷ്ടാഗുകളും ട്വിറ്ററിൽ ട്രെൻറിംഗാണ്.
തൻറെ രാഷ്ട്രീയവും നിലപാടുകളും ഉറക്കെ പ്രഖ്യാപിച്ച വ്യക്തി എന്ന നിലയിലും കേരളത്തിൽ ആഘോഷിക്കപ്പെട്ട വ്യക്തിയാണ് മറഡോണ. അതിനാൽ തന്നെ അത്തരത്തിലുള്ള ആരാധകർക്കും വലിയ ഞെട്ടലാണ് മറഡോണയുടെ മരണം ഉണ്ടാക്കിയത് എന്ന് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.
© 2019 IBC Live. Developed By Web Designer London