പത്തനംതിട്ട : ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ പി.പി. മത്തായി എന്ന യുവകര്ഷകന് മരിച്ചിട്ട് ഇന്നേക്ക് 40 ദിവസം കടന്നിരിക്കുന്നു. മത്തായിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും . ജൂലൈ 28നാണ് മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്. 31നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്ക്കുകയുണ്ടായി. കുടപ്പന സെന്റ് മേരീസ് ഓര്‍ത്തോഡക്സ് പള്ളിയില്‍ വച്ചാണ് സംസ്കാരം നടക്കുക. എന്നാല്‍, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് കുടുംബം നടത്തിയ പോരാട്ടം ഇതിനോടകം ഏറെ ശ്രദ്ധേയമായിരുന്നു. കസ്റ്റഡി മരണമായിട്ടും കുറ്റാരോപിതരെ സംരക്ഷിച്ചുനിര്‍ത്തുന്ന വനം-പോലീസ് വകുപ്പുകളുടെ നിലപാടിനെതിരേ മത്തായിയുടെ ഭാര്യ ഷീബാമോളും കുടുംബാംഗങ്ങളും ശക്തമായി രംഗത്തെത്തിയതോടെ ഇവരുടെ പോരാട്ടത്തിനു ജനപിന്തുണയും ലഭിക്കുകയുണ്ടായി. സിബിഐ അന്വേഷണത്തിന് ഓഗസ്റ്റ് 21ന് ഹൈക്കോടതി ഉത്തരവായതിനു പിന്നാലെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള സാധ്യതയും തെളിയുകയുണ്ടായി.
© 2019 IBC Live. Developed By Web Designer London