എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ അറിയിച്ച് ബിഎസ്പി. എന്നാൽ ബിജെപിയോടും എൻഡിഎയോടുമുള്ള ബിഎസ്പിയുടെ സമീപനത്തിൽ യാതൊരു മാറ്റവുമില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതെന്നും മായാവതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം തന്നോട് കൂടിയാലോചിച്ചിട്ടില്ലെന്ന് മായാവതി പറഞ്ഞു. പാർട്ടിയുടെ താൽപര്യം കണക്കിലെടുത്താണ് ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നത്. ജെഡിഎസും ദ്രൗപതി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപദി മുർമ്മുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിൻറെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിൻറെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London