ഡൽഹിയിൽ എംബിഎ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തോക്കിന് മുനയിൽ നിർത്തി നഗ്നചിത്രം പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത പ്രതി അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. തെക്കൻ ഡൽഹിയിൽ താമസിക്കുന്ന വിദ്യാർഥി ഫിനൈയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. പ്രതികളിലൊരാൾ വിദ്യാർഥിയുമായി സൗഹൃദത്തിലാകുകയും 2020 ഒക്ടോബർ 23 ന് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തോക്കിന് മുന്നിൽ നിർത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. കൂടാതെ കഞ്ചാവും ചരസും പിസ്റ്റളും ഉപയോഗിക്കുന്ന രീതിയിലും വീഡിയോ എടുത്തു.
കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബം അഞ്ചു ലക്ഷം രൂപ നൽകി സംഭവം ഒതുക്കാൻ നോക്കിയെങ്കിലും ഈ വീഡിയോ വിദ്യാർഥിയുടെ ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രചരിപ്പിച്ചു. ഫെബ്രുവരി ഒന്നിന് പണം നൽകിയില്ലെങ്കിൽ വിദ്യാർഥിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ പൊലീസിൽ രേഖാമൂലം പരാതി നൽകി. എന്നാൽ അവിടുത്തെ പൊലീസ് കോൺസ്റ്റബിൾ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ മനം നൊന്താണ് വിദ്യാർഥി ഫിനൈയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
തക്കസമയത്ത് കുടുംബം ആശുപത്രിയിലെത്തിച്ചതിനാൽ വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായി. വിദ്യാർഥിയുടെ പരാതിയിൽ ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് കോൺസ്റ്റബിളിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാർഥിക്കും കുടുംബത്തിനും മുതിർന്ന ഉദ്യോഗസ്ഥനും ഉറപ്പ് നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London