ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.നേവിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി നടത്തിയ തെരച്ചിൽ അവസാനിപ്പിച്ച് ഇന്ന് രാവിലെ ആറുമണിയോടെ വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽകോളജിൽ വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ടത്. കനത്ത മഴയും പുഴയിലെ ഒഴുക്ക് കൂടിയതും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
മാന്നനൂർ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉൾപ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയിൽ എത്തിയത്. ഒരാൾ ഒഴുക്കിൽപ്പെടുന്നതിനിടെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തിൽപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് യുവാക്കൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London