കുനൂരിൽ ആർമി ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ച മലയാളിയായ ജൂനിയർ വാറൻ്റ് ഓഫിസർ എ പ്രദീപിൻ്റെ വീട് സന്ദർശിച്ച് റവന്യുമന്ത്രി കെ രാജൻ. രാജ്യത്തിന് നഷ്ടമായത് ധീര സൈനികയെന്ന് മന്ത്രി കെ രാജൻ അനുസ്മരിച്ചു. നാട്ടിൽ സജീവമായ യുവാവാണ് എ. പ്രദീപ്. എല്ലാ വിധ ബഹുമതികളോടെയും മൃതദേഹം സംസ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദീപിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൻ്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ തൃശൂരിലെ പൊന്നൂക്കര. രണ്ടാഴ്ച മുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ലൈറ്റ് ഗണ്ണറായ എ പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞതിനെ തുടർന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അസുഖ ബാധിതനായ അച്ഛനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപിൻ്റെ ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള കുട്ടികളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപറ്ററിൻ്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു എ പ്രദീപ്.പ്രദീപിൻ്റെ പിതാവ് ഓക്സിജൻ്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടിൽ വന്നുകഴിഞ്ഞാൽ ഏല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London