കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചുവെന്ന കേസില്‍ നടന് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.മോഹന്‍ലാലിന് പുറമെ മൂന്ന് പേരെകൂടി പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
വന്യജീവി സംരക്ഷണ നിയമം (1972) ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നത്.
പി.എന്‍.കൃഷ്ണകുമാര്‍, കെ.രാധാകൃഷ്ണന്, നളിനി രാധാകൃഷ്ണന് എന്നിവരെ കൂടി പ്രതിചേര്‍ത്താണ് വനംവകുപ്പ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴു വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിനെ വനം വകുപ്പ് പ്രതി ചേര്‍ക്കുന്നത്. 2012ലാണ് സംഭവത്തിന്റെ തുടക്കം.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചിരുന്നു. വനം വകുപ്പ് 2012 ല്‍ എടുത്ത കേസില്‍ ഒരു തുടര്‍നടപടിയും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. എഫ്ഐആറിലെ തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ പിന്തുണച്ചത്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.
© 2019 IBC Live. Developed By Web Designer London