കടയ്ക്കാവൂരിലെ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി തള്ളിയത്. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയുമായി യുവതി കോടതിയെ സമീപിച്ചത്. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് അച്ഛനും മകനും പ്രതികരിച്ചു. അമ്മ രാത്രിയിൽ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നൽകിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛൻ പറഞ്ഞു.
കൗൺസിലിംഗിൽ അമ്മയ്ക്കെതിരെ കുട്ടി മൊഴി നൽകിയെന്ന് റിപ്പോർട്ടിലുണ്ട്. കേസെടുക്കാനുള്ള ശുപാർശയും കുട്ടിയുടെ കൗൺസിലിംഗ് റിപ്പോർട്ടും പൊലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയർപേഴ്സൺ തന്നെയാണ്. ഇതോടെ പൊലീസ് കേസെടുത്തത് തൻറെ നിർദ്ദേശ പ്രകാരമല്ലെന്ന സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ എൻ സുനന്ദയുടെ വാദം പൊളിഞ്ഞു. തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് നവംബർ 30നാണ് അഡ്വ എൻ സുനന്ദ റിപ്പോർട്ട് കടയ്ക്കാവൂർ പൊലീസിന് കൈമാറിയത്.
സംഭവത്തിൽ ഡിസംബർ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും ചേട്ടനെ മർദിച്ച് പരാതി നൽകുകയായിരുന്നുവെന്നും ഇളയ മകൻ വെളിപ്പെടുത്തിയിരുന്നു. പൊലീസിന് വീഴ്ചയെന്ന ആരോപണമടക്കം ഐജി പരിശോധിക്കും. ഹർഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി.
© 2019 IBC Live. Developed By Web Designer London