കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജന് നല്‍കാത്ത സമ്പൂര്‍ണ സംരക്ഷണമാണ് മുഖ്യമന്ത്രി പിണറായി വിജയന് കെ.ടി. ജലീലിന് നല്‍കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ കെ.ടി. ജലീല്‍ എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും കാട്ടിയ മന്ത്രി നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു. ബന്ധുനിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. അത് പൂര്‍ണ്ണമായി അംഗീകരിച്ച മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ രാജിവെച്ച മന്ത്രി ഇ.പി. ജയരാജന് നല്‍കാത്ത സമ്പൂര്‍ണ്ണ സംരക്ഷണമാണ് മന്ത്രി ജലീലിന് നല്‍കിയത്.
തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രി ജലീല്‍. മന്ത്രിസഭയുടെ സഭ്യതയ്ക്കും അന്തസ്സിനും നിരക്കാത്ത പല ആക്ഷേപങ്ങളും അദ്ദേഹത്തിന് എതിരെ ഉയര്‍ന്നിരുന്നു. പിന്‍വാതില്‍ നിയമനത്തിന് പേരുകേട്ട മുഖ്യമന്ത്രി ഈ വൈകിയ വേളയിലെങ്കിലും മന്ത്രി ജലീലിനെ പുറത്താക്കാന്‍ തയ്യാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London