മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപി മാർ പാർലമെൻ്റിൽ ഇന്ന് ധർണ നടത്തും. പാർലമെൻ്റ് കവാടത്തിൽ രാവിലെ പത്ത് മണിമുതലാണ് ധർണ. തമിഴ്നാടിൻ്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെ ഡാമിൻ്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രിം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി വീടുകളിൽ വെള്ളം കയറി. നടപടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഈ വർഷം മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയർന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണിൽ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London