മുല്ലപ്പെരിയാർ ഡാം പൊളിച്ച് പണിയണമെന്ന ആവശ്യവുമായി പി.സി ജോർജ്. അല്ലാത്തപക്ഷം നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി.സി. ജോർജ്ജ് ആരോപിച്ചു. പുതിയ ഡാം പണിയാൻ തയ്യാറായില്ലെങ്കിൽ ഹർത്താൽ അടക്കുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഏത് സമരമാർഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. ഏതു ഡാമിനും 50 വർഷത്തിൽ കൂടുതൽ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. മുല്ലപ്പരിയാർ ഡാമിന് 126 കൊല്ലം പഴക്കമുണ്ട്. ആയുസ്സ് തീർന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാർ ഡാമെന്നും പി.സി ജോർജ് പറഞ്ഞു. ഡാമിന് ബലക്ഷയം സംഭവിച്ചെന്നാണ് എല്ലാ പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പൊളിച്ച് പണിയണമെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. അതി തീവ്ര ഭൂകമ്പങ്ങളെ ഡാമിന് അതിജീവിക്കാനാവില്ല, അത്തരത്തിൽ ഭൂചലനങ്ങളെ അതിജീവിക്കാനാവുന്ന ഡാമാണ് പുതുതായി നിർമിക്കേണ്ടത്.
“ഡാം തകരുമെന്ന് ഭീതിപരത്തുന്നവരെ പിടിച്ച് ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ഞാൻ ആദ്യമായാണ് അറിയുന്നത്. ജനകീയ വിഷയം ഉന്നയിച്ചാൽ അറസ്റ്റ് ചെയ്യുമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി വിജയൻ തന്നെയാണ് മുല്ലപ്പെരിയാർ വിഷയം ആദ്യം പറഞ്ഞത്” പി.സി ജോർജ്ജ് വ്യക്തമാക്കി. 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. അതിനു ബാധ്യതപ്പെട്ട സർക്കാർ കണ്ടില്ലെന്ന് നടിച്ചിരുന്നാൽ ജനം സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒന്നുകിൽ പുതിയ ഡാം ഉണ്ടാക്കണം, അല്ലെങ്കിൽ പഴയ ഡാം ഇക്കൊല്ലം പൊട്ടുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നും പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചർച്ച ചെയ്ത് ഉടനടി നടപടി സ്വീകരിക്കണമെന്നും പി.സി ജോർജ്ജ് കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London