മാണി സി കാപ്പനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പൻ കോൺഗ്രസിൽ വന്നാൽ സന്തോഷം.മാണി സി കാപ്പൻ തയാറാണെങ്കിൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം. ഇതുമായി ബന്ധപ്പെട്ട് മാണി സി കാപ്പനുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു.
പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെയാണ് എൻസിപിയുടെ നിലപാട് കടുപ്പിച്ചത്. തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ശരദ് പവാറുമായി മാണി. സി. കാപ്പൻ ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുന്നണി വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London