ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. ദൂരദര്ശന് ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ചുവെന്ന് നേപ്പാളിലെ ചാനല്‍ ഓപ്പറേറ്റര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഭൂപടത്തിന് നേപ്പാള്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയ്ക്കെതിരായി ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നരായണ്‍ കജി ആരോപിച്ചിരുന്നു. നേപ്പാളിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് നിയമപരവും രാഷ്ട്രീയവുമായ വഴികള്‍ തേടുകയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് രജന്‍ ഭട്ടറായി ട്വീറ്റ് ചെയ്തിരുന്നു.
© 2019 IBC Live. Developed By Web Designer London