127 -ാമത് മാരാമൺ കൺവെൻഷന് നാളെ തുടക്കമാകും
നാളെ മുതൽ പമ്പ തീരം സുവിശേ വാക്യങ്ങളാൽ നിറയും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 127 മത് മാരാമൺ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 5000 വിശ്വാസികൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. കൃത്യമായ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കൺവെൻഷൻ നടത്തുക. 5000 പേരെയെങ്കിലും നേരിട്ടു പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് സഭ നേതൃത്വം ആവശ്യപെട്ടിട്ടുള്ളത്. അടുത്തയാഴ്ച നിലവിൽ വരുന്ന കൊവിഡ് പ്രോട്ടോകോൾ പ്രകാരം ആളുകളുടെ എണ്ണം തീരുമാനിക്കാമെന്നാണ് സർക്കാർ നിർദേശം. കൺവെൻഷൻ പരിപാടികൾ പൂർണമായി വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും. കൺവെൻഷൻ ഈ മാസം 20 അവസാനിക്കും.
ഡിജിറ്റൽ റീസർവെ നടപടികൾ ഏപ്രിലിൽ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ്
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവെ നടപടികൾ ഏപ്രിലിൽ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ്. നേരത്തേ പ്രഖ്യാപിച്ചതുപോലെ നാലു വർഷം കൊണ്ട് റീസർവെ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ജീവനക്കാരുടെ കുറവ് നികത്താനായി 1500 സർവേയർമാരെ താത്കാലികമായി നിയമിക്കും.
തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം
തിരുവനന്തപുരം തോന്നയ്ക്കലിലെ എ.ജെ കോളേജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ബൈക്ക് റേസിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. രണ്ടാം വർഷ വിദ്യാർഥികൾ ബൈക്ക് റേസിങ് നടത്തിയത് മൂന്നാം വർഷ വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ കൂടുതൽ വിദ്യാർഥികൾ സംഘടിച്ചെത്തിയതോടെ സംഘർഷമായി. കോളേജ് പ്രിൻസിപ്പൽ വിവരം അറിയിച്ചതോടെ മംഗലാപുരം പോലീസ് സ്ഥലത്തെത്തി. വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ പോലീസിനെ ആക്രമിച്ചു.
കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. 2021 നവംബറിൽ മലപ്പുറം കോടൂരിൽ വെച്ച് 80 ലക്ഷം രൂപയുടെ കുഴൽപണമാണ് സംഘം തട്ടിയെടുത്തത്. മുഖ്യപ്രതിയും കവർച്ച സൂത്രധാരനുമായ വയനാട് പുൽപ്പള്ളി സ്വദേശി സുജിത്ത് ,എറണാകുളം ഏഴാറ്റുമുഖം സ്വദേശി ശ്രീജിത്ത് ഇവർക്ക് ഒളിത്താവളം ഒരുക്കിയ വയനാട് കുപ്പാടി സ്വദേശി ഷിജു എന്നിവരാണ് മലപ്പുറം പൊലീസിൻറെ പിടിയിലായത്.
വി.ടി.ഭട്ടതിരിപ്പാടിൻ്റെ ഓർമകൾക്കിന്ന് നാൽപ്പത് വയസ്
നവോഥാന നായകനും സാമൂഹ്യപരിഷ്കകർത്താവുമായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ ഓർമകൾക്കിന്ന് നാൽപ്പത് വയസ്. വി.ടിയുടെ സംഭാവനകൾ കേരളചരിത്രത്തിൻ്റെ ഭാഗമാണ്. ആ സംഭാവനകൾ എക്കാലവും പ്രസക്തമാണ്. ‘അയ്യപ്പൻ കാവിലെ അന്തരീക്ഷത്തിൽ തീയ്യാടി പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പിൽക്കാല ജീവിതത്തിലേക്ക് മാർഗനിർദ്ദേശം നൽകിയ മഹാജ്യോതിസ്സെന്നോർക്കുമ്പോൾ കൃതജ്ഞത കൊണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞു പോവുന്നു…’ കണ്ണീരും കിനാവും എന്ന ആത്മകഥയിൽ വി.ടി കുറിച്ചിട്ട വരികളാണിത്. പുസ്തകത്തിൽ കുറിച്ചിട്ട വരികളാണിത്.
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്നവസാനിക്കും
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമെ ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാർട്ടിയുടേത്. പരസ്യ പ്രചാരണമവസാനിക്കുന്ന ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തും. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മത്സരിക്കുന്ന ഖട്ടിമ മണ്ഡലത്തിൽ ഇന്ന് റാലി നടത്തും.
കർണാടകയിൽ പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ല
കർണാടകയിൽ പ്രീയൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ലെന്ന് സർക്കാർ. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്കൂളുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം മുതൽ
റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി (സിബിഡിസി) അടുത്ത സാമ്പത്തിക വർഷം മുതൽ. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്രസർക്കാർ ആർബിഐ ആക്ട് ഭേദഗതി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാർത്ഥം ആർബിഐ സിബിഡിസി അവതരിപ്പിക്കും.റിട്ടെയിൽ, ഹോൾസെയിൽ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസർവ് ബാങ്ക് സിബിഡിസി അവതരിപ്പിക്കുക.
ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഉക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിർദേശം നൽകി.എല്ലാവിധത്തിലുള്ള മുൻകരുതൽ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂർത്തിയാക്കാൻ ഉക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിർദ്ദേശം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London