ഡല്‍ഹി: മോദി സര്‍ക്കാറിന്റെ എന്‍.ഐ.എ ഭേദഗതി ബില്ലിനെ അനുകൂലിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ആധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ അടച്ചിട്ട മുറിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരടക്കം ബില്ലിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ആധിര്‍ രഞ്ജന്‍ ചൗധരിയുടെ ഇടപെടലാണ് ഇവരെ അനുനയിപ്പിച്ചത്. കോണ്‍ഗ്രസ് എം.പിമാരായ കെ. മുരളീധരന്, ബെന്നി ബെഹനാന് എന്നിവരാണ് ഈ ബില്ലിനെ കോണ്‍ഗ്രസ് അനുകൂലിക്കരുതെന്ന് വാദിച്ചത്. എന്‍.ഐ.എയിലുള്ള വിശ്വാസക്കുറവ് കാരണം കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായം കോണ്‍ഗ്രസിന്റെ ഈ നിലപാടിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് എം.പിമാര്‍ ഉയര്‍ത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ എതിരാളികളായ സി.പി.ഐ.എം, സി.പി.ഐ എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുമെന്നതും സഖ്യകക്ഷികളായ ഐ.യു.എം.എല്ലും ആര്.എസ്.പിയും വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്നതും കോണ്‍ഗ്രസിന്റെ ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ പ്രാദേശികമായി ചിന്തിക്കരുതെന്നും ദേശീയമായി ചിന്തിക്കണമെന്നുമാണ് ആധിര്‍ ചൗധരി ഇവരോട് അഭിപ്രായപ്പെട്ടത്. അതേസമയം വിഭജനം ലഭ്യമിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
© 2019 IBC Live. Developed By Web Designer London