ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം അൽപസമയത്തിനകം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. പ്രസവശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷം മൃതദേഹം മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ദുബായിലെ താമസസ്ഥലത്ത് രണ്ട് ദിവസം മുമ്പാണ് നിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യു.എ.ഇയിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ഇന്ന് പുലർച്ചെ 5.45ഓടെയാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. ലോക്ക് ഡൗണിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ പരമോന്നത കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിലൂടെയാണ് ആതിരയും നിതിനും വാർത്തകളിൽ നിറയുന്നത്. നിതിൻ പോയതറിയാതെ ഇന്നലെ രാവിലെ ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London