പിറക്കാനിരിക്കുന്ന കുഞ്ഞിന്റെയും ഭാര്യയുടെയും സുരക്ഷിതത്വം സ്വന്തം ദേശത്ത് ഉറപ്പാക്കി, ആ കുഞ്ഞിന്റെ പിറവിക്ക് കാത്തു നിൽക്കാതെ നിധിൻ യാത്രയായി. കോവിഡ് ലോക്ഡൗണിൽ ഗൾഫിൽ വിമാനങ്ങൾ മുടങ്ങിയ ഘട്ടത്തിൽ തന്നെപ്പോലുള്ള ഗർഭിണികൾക്ക് നാട്ടിലേക്കുള്ള മടക്ക യാത്രക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി ശ്രദ്ധേയായ കോഴിക്കോട് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭർത്താവ് പേരാമ്പ്ര സ്വദേശി നിധിൻ ചന്ദ്രൻ(29) ഷാർജയിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു. ഗർഭിണിയായ തന്റെ പ്രിയതമയെ സുരക്ഷിതമായി നാട്ടിലെത്തിച്ച നിഥിന്റെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
സ്വകാര്യ കമ്പനിയിൽ എന്ജിനീയറായ നിഥിൻ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യവും കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ യുഎഇയിലെ കോ-ഓർഡിനേറ്ററുമാണ്. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാൽ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. ആതിര നാട്ടിലേക്ക് മടങ്ങിയ ശേഷവും ലോക്ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കുവാനും രക്ത ലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ എത്തിക്കുവാനുമുൾപ്പെടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഓടി നടക്കുകയായിരുന്നു നിതിൻ.
ദുബൈയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ഏഴ് മാസം ഗർഭിണിയായിരുന്നു. ബന്ധുക്കളെ പരിചരണം കിട്ടാൻ വേണ്ടിയാണ് പ്രസവത്തിനായി നാട്ടിലേയ്ക്ക് പോകാൻ ആവശ്യമുന്നയിച്ചതെന്നാണ് അന്ന് നിഥിൻ പറഞ്ഞത്. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുകയും ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. ഗൾഫിൽ നിന്ന് സ്വന്തം മണ്ണിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട ഒട്ടേറെ ഗർഭിണികളുടെ പ്രതിനിധിയായി ആതിര മാറി. ഇൻകാസായിരുന്നു ആതിരയ്ക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നത്. ഇതിന് പകരമായി നിഥിൻ 2 ടിക്കറ്റുകൾ ഇൻകാസിന്റെ നേതൃത്വത്തിൽ മറ്റുള്ളവർക്കും സമ്മാനിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്റെ മകനാണ്. ദുബൈ റാഷിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
© 2019 IBC Live. Developed By Web Designer London