കളത്തിൽ രാമകൃഷ്ണൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്ക്കാരം മലയാള മനോരമ സീനിയർ റിപ്പോർട്ടർ എൻ പി സി രംജിതിന്. 2019 ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘കരയാനാ വിധി ‘ എന്ന വാർത്താ പരമ്പരയ്ക്കാണ് ബഹുമതി. 10,000 രൂപയും ശില്പവുമാണ് അവാർഡ്.
വന്യജീവികളുടെ ആക്രമണങ്ങളിൽ വടക്കേ മലബാറിലെ വനാതിർത്തി ഗ്രാമങ്ങളിലെയും മലയോര മേഖലയിലെയും ആറളത്തെ ആദിവാസി പുനരധിവാസ പദ്ധതി പ്രദേശത്തെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പുറത്തുകൊണ്ടുവന്ന പരമ്പര ഈ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവിധ പദ്ധതികൾക്ക് തുടക്കമിടാൻ കാരണമായെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അംഗങ്ങളായ എൻ പി ചേക്കുട്ടി, വി വി പ്രഭാകരൻ, ജയൻ കോമത്ത് എന്നിവർ അഭിപ്രായപ്പെട്ടു.
തലശ്ശേരിയിൽ ജനിച്ചു വളരുകയും പത്രപ്രവർത്തന രംഗത്ത് നിർഭയനായി സത്യസന്ധതയോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു കളത്തിൽ രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ സ്മരണകൾ മാധ്യമ പ്രവർത്തകർക്ക് ആവേശമായും മാതൃകയായും ഇന്നും നിലകൊള്ളുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ലേഖകനായും മലബാറിലെ വിവിധ ജില്ലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ്സിന് പുറമേ മലയാളം വാരികയിലും ശ്രദ്ധേയമായ നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
കളത്തിൽ രാമകൃഷ്ണന്റെ സുഹൃത്തുക്കളും കുടുംബവും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ മാധ്യമ രംഗത്തെ മികച്ച പ്രവർത്തകർക്ക് വർഷം തോറും അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മലബാറിലെ ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രസിദ്ധീകരിച്ച ന്യൂസ് സ്റ്റോറികൾക്കാണ് ഈ വർഷത്തെ അവാർഡ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London