കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നിയന്ത്രണങ്ങളിൽ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കൊവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തൽ.
നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറൽ മജിസ്ട്രേറ്റുമാർക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായിരിക്കും.
ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോൾ 75 ശതമാനവും ആർടിപിസിആർ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. 56 ശതമാനം പേർക്കും രോഗം പകരുന്നത് വീടുകൾക്കുള്ളിൽ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേർക്ക് വിദ്യാലയങ്ങളിൽ നിന്ന് രോഗം പകരുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും തടസമുണ്ടാകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London