അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാരുടെ പ്രതിഷേധ സമരം. കൊയിലി ആശുപത്രിയിലെ നൂറോളം നഴ്സുമാരാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് ആശുപത്രിക്ക് മുന്നിൽ സമരം ചെയ്തത്. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്നും ശമ്പളമില്ലാതെ അവധി എടുക്കണമെന്ന നിർദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ പോലും ഈ നഴ്സുമാർക്ക് സമരത്തിനിറങ്ങേണ്ടി വന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള മാസ്ക്, ഗ്ലൗസ്, തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പോലും ആശുപത്രി മാനേജ്മെൻ്റ് ഇതുവരെ നൽകിയില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. മാസ്കുകൾക്ക് 20 രൂപ വരെ നഴ്സുമാരിൽ നിന്നും ഈടാക്കുന്നു. പലരും സ്വന്തം ചിലവിലാണ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നത്. മാസത്തിൽ പത്ത് മുതൽ പതിനഞ്ച് വരെ ദിവസങ്ങൾ ശമ്പളമില്ലാതെ അവധിയെടുക്കാനായിരുന്നു മറ്റൊരു നിർദ്ദേശം. തീരുമാനം അംഗീകരിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നഴ്സുമാർ പറയുന്നു.
കഴിഞ്ഞ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും ലോക്ക് ഡൗൺ കാലത്ത് ഗതാഗത സൗകര്യം ഒരുക്കണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു. രാവിലെ ഏഴരയോടെയാണ് നൂറോളം നഴ്സുമാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം തുടങ്ങിയത്. തുടർന്ന് പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മാനേജ്മെൻ്റ് ആവശ്യങ്ങൾ അംഗീകരിച്ചത്. ശേഷം, രാവിലെ പത്ത് മണിയോടെ സമരം പിൻവലിച്ചു. നഴ്സിംഗ് ഇതര ജീവനക്കാരും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു മാനേജ്മെൻ്റ് ആദ്യം പ്രതികരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London