ബെംഗളൂരു: മാനസിക വെല്ലുവിളി നേരിട്ടിരുന്ന യാചകന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. കർണാടകയിലെ ബെല്ലാരിയിൽനിന്നാണ് ഇങ്ങനെയൊരു വാർത്ത. ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന, 45-കാരനായ ബസവ (ഹുച്ചാ ബാസ്യ)യുടെ മരണാനന്തര ചടങ്ങിനാണ് വൻ ജനാവലി പങ്കെടുത്തത്. ബെല്ലാരിയിലെ ഹദഗലി നഗരത്തിലായിരുന്നു ബസവയുടെ ജീവിതം. ഇവിടുത്തെ ആളുകളുമായി ബസവയ്ക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബസവയ്ക്ക് ഭിക്ഷ നൽകുന്നത് ഭാഗ്യം കൊണ്ടുവരുമെന്നൊരു വിശ്വാസം അവിടെ പ്രചാരത്തിലുണ്ടായിരുന്നു.
ബസ് ഇടിച്ചതിനെ തുടർന്നായിരുന്നു ബസവയുടെ മരണം. നവംബർ 12-നാണ് ബസവയെ ബസ് ഇടിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ബസവ മരിച്ചു. ഞായറാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. പലയിടത്തുനിന്നും ആയിരങ്ങളാണ് ബസവയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നഗരത്തിൽ പലയിടത്തും ബസവയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ബാനറുകളും പ്രത്യക്ഷപ്പെട്ടു.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ബസവയുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോയത്. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആളുകൾ എത്ര രൂപ ഭിക്ഷ നൽകിയാലും ഒരു രൂപ മാത്രം എടുത്ത ശേഷം ബാക്കി തുക ബസവ തിരികെ നൽകുമായിരുന്നു. നിർബന്ധിച്ചാൽ പോലും അദ്ദേഹം കൂടുതൽ പണം സ്വീകരിക്കുമായിരുന്നില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London