ദളിതർക്ക് നേരെയുള്ള അവഗണനക്കും അപമാനത്തിനും പരിഹാരം ആവശ്യപ്പെട്ട് പ്രസാർ ഭാരതി മുൻഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ മുരളീധരൻ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്ത്. കത്തിൻ്റെ പൂർണ്ണരൂപം..
മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്.
ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന്,
പുതിയ മന്ത്രിസഭ അങ്ങയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തിയാരിക്കുകയാണല്ലോ. നാലു ദശാബ്ദത്തിനു ശേഷം ഭരണത്തുടർച്ച കൈവരിച്ച അങ്ങയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് അഭിനന്ദനമർപ്പിക്കുമ്പോൾ തന്നെ പുതിയ മന്ത്രിമാരുടെ തിരഞ്ഞെടുപ്പിൽ സംഭവിച്ച ഒരു വലിയ പാകപ്പിഴ ഇവിടെ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുകയാണ്. ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിലും ഭരണഘടനയോടുള്ള പ്രതിബദ്ധതയിലും ജാഗ്രത പുലർത്തുന്നു എന്നവകാശപ്പെടുന്ന അങ്ങയ്ക്ക് ഇങ്ങനെയൊരു പിഴവ് സംഭവിക്കാൻ പാടില്ലായിരുന്നു. അങ്ങയുടെ മന്ത്രിസഭയിലെ 21 മന്ത്രിമാരിൽ ഒരാൾ മാത്രമാണ് ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്.
140 എം.എൽ.എമാരുള്ള നമ്മുടെ സംസ്ഥാനത്ത് 16 നിയോജക മണ്ഡലങ്ങളാണ് സംവരണ മണ്ഡലങ്ങളായുളള്ളത്. പട്ടികജാതിക്കാർക്കു 14 ഉം പട്ടികവർഗ്ഗക്കാർക്കു രണ്ടു സീറ്റുമാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ പട്ടികജാതിയിൽ പെട്ട 13 പേരും പട്ടിക വർഗ്ഗത്തിൽ നിന്ന് ഒരു പ്രതിനിധിയുമുൾപ്പടെ 14 എം.എൽ .എ മാർ ഇടതുപക്ഷമുന്നണിയിലുണ്ട്. ഭരണകക്ഷിയിൽ നിന്ന് 14 പേരുണ്ടായിട്ടും 21 അംഗങ്ങളുള്ള അങ്ങയുടെ മന്ത്രിസഭയിൽ ഒരാളെ മാത്രമാണ് ദളിതരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തിട്ടുള്ളത്. പട്ടികജാതി- വർഗ്ഗ സംവരണം മന്ത്രിമാരുടെ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ടതില്ലാത്തതിനാലാകണം ഇങ്ങനെ ചെയ്തതു് എന്ന വാദമുയർത്തി ഇതിനെ ന്യായീകരിക്കാം. എന്നാൽ ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വം ഒരു സംസ്ഥാനത്തിന്റെ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ പാലിക്കേണ്ടതല്ലേ? അവസര സമത്വം പ്രാതിനിധ്യാനുപാതികമായും ഭരണഘടനാനുസൃതവുമായി പരിഗണിക്കപ്പെട്ടില്ലെങ്കിൽ കൂടി ധാർമ്മികത കണക്കിലെടുത്തെങ്കിലും 21 പേരിൽ 2 പേരെ ദളിത് വിഭാഗത്തിൽ നിന്ന് മന്ത്രിമാരാക്കമായിരുന്നു. ഒരു വകുപ്പു തന്നെ ഒരു പ്രത്യേക ജനസമൂഹത്തിന്റെ ക്ഷേമത്തിനായി നീക്കിവെച്ചിരിക്കുന്ന ഒരു സംസ്ഥാനത്ത് ആ വിഭാഗത്തിൽ നിന്ന് പത്തുശതമാനത്തെ ഭരണ നിർവഹണ നേതൃത്വത്തിലേക്ക് പരിഗണിക്കാതിരുന്നത് അധാർമ്മികവും അനുചിതവുമാണെന്ന് അങ്ങയ്ക്ക് തോന്നുന്നില്ലേ? മുമ്പും ഇങ്ങനെയായിരുന്നില്ലേ എന്ന ചോദ്യം പലരുമുന്നയിക്കാം. അപ്പോഴും ഈ പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ അവഗണിക്കപ്പെട്ടവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും വിവിധ രാഷ്ട്രീയ ചേരികളിൽ നിന്നുള്ള വിഘടിതമായ ആവലാതികൾക്ക് ഭരണാധികാരികളുടെ ശ്രദ്ധയാകർഷിക്കും വിധം ശക്തിയുൾക്കൊള്ളാനാകില്ലെന്ന് അങ്ങയ്ക്കറിവുള്ളതാണല്ലോ. സംഘടിതശക്തിയിൽ നിന്നുയരുന്ന ശബ്ദത്തിനേ മേലധികാരികളുടെ കണ്ണുതുറപ്പിക്കാനാവൂ. എന്നാൽ അശരണർക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടിയുടെ തളരാത്ത പോരാളിയെന്ന് അണികൾ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന അങ്ങയ്ക്ക് അവഗണിക്കപ്പെടുന്നവന്റെ സ്വരം തിരിച്ചറിയാൻ കഴിയുമെന്നെനിക്കുറപ്പുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ തൊഴിലാളികളുടെയും കീഴാളരുടെയും സർക്കാർ എന്ന് കുലീന വർഗ്ഗം എന്ന് കരുതപ്പെട്ടവർ പരിഹസിച്ചിരുന്നു. എന്നാൽ പാവപ്പെട്ടവന്റെ സർക്കാർ എന്നും പ്രസ്ഥാനമെന്നുള്ളതും അധിക്ഷേപമായി കരുതാതെ അതിൽ അഭിമാനിക്കുകയായിരുന്നു പാർട്ടി.
ജാതി വേർതിരിവുകളില്ലാതെ സഖാവ് എന്ന് അഭിസംബോധന ചെയ്ത് തോളോട് ചേർത്ത് നിർത്തിയ പാർട്ടി അധ:സ്ഥിതർക്കെന്നു മാവേശമായിരുന്നു. അത് വേദികളിൽ ഏതവസരത്തിലും അവർ ആത്മാർത്ഥമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് കൂടെയുണ്ടെന്നും കരുതലുണ്ടെന്നും സർക്കാരും പാർട്ടിയും പറയുമ്പോൾ അത് തങ്ങളെ കൂടി ചേർത്തു പിടിച്ചാണോ പറയുന്നതെന്ന് ഈ മന്ത്രിസഭ നിലവിൽ വന്നതിനു ശേഷം ദളിത് വിഭാഗത്തിലുള്ളവർ സംശയിക്കുന്നുവെങ്കിൽ അവരെ കുറ്റം പറയാമോ സാർ? അപമാനവും അവമതിയും ഏറെ സഹിച്ചവരാണ് ഇവിടുത്തെ അധ:സ്ഥിതവർഗ്ഗം. ഹരിജനങ്ങൾ എന്ന് അവരെ താലോലിച്ച് വിളിച്ചിരുന്ന ഗാന്ധിജി Follow your ancestoral call – എന്നു് അവരോട് പറയുകയുണ്ടായി. വർണ്ണാധിഷ്ഠിത കാലത്തെ കുലത്തൊഴിലുകളിലേക്ക് മടങ്ങാനായിരുന്നു ആ ആഹ്വാനം. പച്ചയ്ക്ക് പറഞ്ഞാൽ “തോട്ടിയുടെ മകൻ തോട്ടിയുടെ പണിയെടുത്താൽ “മതിയെന്നു്. ആ അവസ്ഥയെ അതിജീവിക്കാനാണ് അംബേദ്ക്കറുടെ ശ്രമഫലമായി ഭരണഘടനയിൽ സംവരണമുറപ്പാക്കിയത്. ജനപ്രതിനിധിസഭകളിലേക്ക് സംവരണം നേടിയെടുക്കാൻ അംബേദ്കർക്ക് ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. അംബേദ്ക്കറുടെ നിലപാടുകളോട് പ്രത്യയശാസ്ത്രപരമായി ആദ്യമടുക്കാതിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് കൂടുതൽ അനുഭാവം പ്രകടിപ്പിക്കുമ്പോഴാണ് ഇടതുപക്ഷ മുന്നണിയിൽ നിന്ന് ഈ ദുരനുഭവം ദളിതർക്കുണ്ടാകുന്നത്. വർദ്ധിച്ച ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ അങ്ങയുടെ മന്ത്രിസഭയിൽ നിന്നുള്ള ഈ തിരസ്ക്കാരത്തിന് പ്രതിവിധി കണ്ടെത്താൻ അങ്ങ് ശ്രമിക്കുമെന്നു പ്രത്യാശിക്കുന്നു. തുടർ ഭരണത്തിലൂടെ ചരിത്രം കുറിച്ചിരിക്കുന്ന അങ്ങ് ഈ അവഗണനയ്ക്കും അപമാനത്തിനും എതിരെ നിലപാട് കൈക്കൊള്ളുമെന്ന ഉത്തമ വിശ്വാസത്തോടെ
കെ.എ.മുരളീധരൻ മുൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ പ്രസാർ ഭാരതി
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London