ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട് . വാക്സിന് പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തില്‍ തെളിഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിന് ശുഭസൂചനകള്‍ നല്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകള്‍ ബ്രിട്ടണ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്സിന് വികസിപ്പിച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞുനിര്‍ത്താനുള്ള വാക്സിന്റെ ഫലത്തേപ്പറ്റി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അതേ സമയം വാക്സിന് എന്ന് വിപണിയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
© 2019 IBC Live. Developed By Web Designer London