മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്. ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയിൽ നാട്ടുകാരും പൊതുപ്രവർത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയർപ്പിക്കാൻ എത്തിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാർ പി.ടിക്ക് ആദരാജ്ഞലിയർപ്പിച്ചു. ഇടുക്കിയിൽ നിന്ന് രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം തൊടുപുഴയിലെ കോൺഗ്രസ് ഓഫിസിൽ എത്തിക്കും. എറണാകുളത്ത് എത്തിച്ച ശേഷം ഡിസിസി ഓഫിസിലും ടൗൺഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തും.
തന്റെ സംസ്കാര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ നിർദേശം നൽകിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സുഹൃത്തുക്കൾ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്. 70ാം വയസിലാണ് അന്ത്യം. കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ നേതാക്കളിൽ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി.ടിയുടേത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിന്റെ പ്രവർത്തനങ്ങളിലൂടെയാണ് പി. ടി തോമസ് സജീവ പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. പി.ടിയുടെ വിയോഗത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനമറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London