പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ മാണിക്ക് നൽകാൻ എൽഡിഎഫിൽ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ട് നൽകും. പകരം കൊല്ലത്ത് ഒരു സീറ്റ് സിപിഐ ആവശ്യപ്പെടും. ജോസ് കെ മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോൾ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവർക്ക് കൊടുക്കും എന്ന ചർച്ചകൾ ഉണ്ടായിരുന്നു. കെ എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐക്കുമിടയിൽ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.
പാലാ സീറ്റ് വിട്ടുനൽകുകയാണെങ്കിൽ പിന്നെ മുന്നണിക്കൊപ്പം നിൽക്കേണ്ടതില്ലെന്ന് എൻസിപിയിലെ ഒരു വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. ടി പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൌദ്യോഗിക ചർച്ചകളും നടത്തിക്കഴിഞ്ഞു. പാലയിലെ യുഡിഎഫിൻറെ സ്ഥാനാർത്ഥി മാണി സി കാപ്പൻ എന്ന അർത്ഥത്തിലുള്ള ചില സൂചനകളും കഴിഞ്ഞ ദിവസം പി ജെ ജോസഫ് നൽകിയിരുന്നു.
© 2019 IBC Live. Developed By Web Designer London