റെയിൽവേ കോളനിക്കടുത്ത് ഓട്ടൂർക്കാടിൽ റിട്ട. ആർ.എം.എസ്. ജീവനക്കാരനെയും ഭാര്യയെയും വീട്ടിനകത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. സംഭവശേഷം മൈസൂരിലേക്ക് ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ വിളിച്ചുവരുത്തി, നാട്ടുകാരുടെ സഹായത്തോടെ പൊലീസിലേൽപ്പിക്കുകയായിരുന്നു.
എറണാകുളത്തുള്ള മകൾ സൗമിനി പലതവണ ഫോണിൽ വിളിച്ചിട്ടും ആരും എടുത്തില്ല. തുടർന്ന് ഇവർ അയൽവാസികളെ വിളിച്ച് വീട്ടിൽ പോയി അന്വേഷിക്കാൻ പറയുകയായിരുന്നു. ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. സമീപത്ത് കീടനാശിനി കുപ്പി കണ്ടതോടെ ആത്മഹത്യയാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പൊലീസെത്തി മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴാണ് അരുംകൊലയെ കുറിച്ച് പുറംലോകം അറിയുന്നത്
വെള്ളമെടുക്കാൻ പറഞ്ഞതിന് അമ്മയെയും, കിടക്കിയിലിട്ട് അച്ഛനെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. വെള്ളം ചോദിച്ചപ്പോൾ അടുക്കളയിൽ നിന്നും എടുത്തുകുടിക്കാൻ പറഞ്ഞതിന് അമ്മയുമായി ചെറിയ വാക്കുതർക്കമുണ്ടായി. അരിശം തീരാത്ത സനൽ അടുക്കളിൽ നിന്ന് അരിവാളും കൊടുവാളും എടുത്തുകൊണ്ടുവന്ന് അമ്മയെ വെട്ടുകയായിരുന്നു. തലയിലും കഴുത്തിലും മാരകമായി വെട്ടേറ്റ ദേവി നിലത്ത് വീണു. ചോരയിൽ കുളിച്ചുകിടന്ന അമ്മയെ കൈകളിലും കവിളിലുമെല്ലാം തുടരെ വെട്ടി. 33 വെട്ടുകളാണ് ദേവിയുടെ ശരീരത്തിലുണ്ടായിരുന്നത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സനലിന്റെ അച്ഛൻ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാണ്. ഭാര്യയുടെ നിലവിളി കേട്ട് തിരിഞ്ഞുനോക്കിയ ചന്ദ്രൻ കാണുന്നത് സനൽ ദേവിയെ വെട്ടുന്നതാണ്. ഇതുകണ്ട ചന്ദ്രൻ കിടന്ന കിടപ്പിൽ നിന്ന് ഉറക്കെ നിലവിളിച്ചു. ഉടൻ മുറിയിലെത്തി അച്ഛനെയും തുടരെ വെട്ടി. ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടുകളാണുണ്ടായിരുന്നത്. രണ്ടുപേരും ജീവന് വേണ്ടി പിടയുന്നത് ഇയാൾ നോക്കി നിന്നു.
മൃതദേഹത്തിനടുത്തിരുന്ന് ആപ്പിൾ കഴിച്ചു
വെട്ടിയിട്ടും അരിശം തീരാതെ ഇരുവരുടെയും മരണം ഉറപ്പാക്കാനായി കീടനാശിനി സിറിഞ്ചിലാക്കി കുത്തിവെച്ചെന്നും സനൽ സമ്മതിച്ചു. ഇതിനിടെ രക്തത്തിൽ ചവിട്ടി തെന്നിവീണതിനെ തുടർന്ന് കീടനാശിനി വെട്ടേറ്റ മുറിവിലേക്ക് ഒഴിക്കുകയും ചെയ്തു. അച്ഛനും അമ്മയും മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം അകത്ത് തളം കെട്ടിക്കിടന്ന രക്തം കഴുകികളയുകയും ചെയ്തു. കൊലപാതകം കഴിഞ്ഞ ശേഷം മരിച്ചുകിടക്കുന്ന അമ്മക്കരികിൽ നിന്ന് ആപ്പിൾ കഴിച്ചെന്നും സനൽ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ചോരപുരണ്ടവസ്ത്രങ്ങൾ വിറകുപുരയിൽ ഒളിപ്പിക്കുകയും കുളിച്ച് വസ്ത്രം മാറ്റിയ ശേഷം അടുക്കളവാതിൽ തുറന്ന് രക്ഷപ്പെടുകയും ചെയ്തു.
സംസ്കാര ചടങ്ങുകൾക്ക് വിളിച്ചുവരുത്തി അറസ്റ്റ്
ആദ്യം ആത്മഹത്യയാണെന്ന് കരുതിയതായിരുന്നു ഇരുവരുടെയും മരണം. എന്നാൽ രാത്രിവരെ വീട്ടിലുണ്ടായിരുന്ന സനലിനെ വീട്ടിൽ കാണാതായതാണ് സംശയങ്ങൾക്ക് വഴി വെച്ചത്. ഇയാൾ ആദ്യം ബംഗളൂരുവിലേക്കാണ് കടന്നത്. ഇവിടെ വെച്ച് ആർ.ടി.പി.സിആർ നടത്തിയതിന്റെ ഫലം എറണാകുളത്തെ സഹോദരന്റെ ഫോണിലേക്ക് വന്നിരുന്നു. ഇത് മനസിലാക്കിയ പൊലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. പക്ഷേ സനൽ അപ്പോഴേക്കും മൈസൂരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. മൊബൈൽ ഫോൺ ഓഫായതിനാൽ ട്രെയ്സ് ചെയ്യാനും സാധിച്ചില്ല. എന്നാൽ രാത്രി മൊബൈൽ ഓൺ ആയപ്പോൾ പൊലീസിന്റെ നിർദേശ പ്രകാരം സഹോദരൻ സുനിൽ സനലിനെ വിളിച്ചു. വീട്ടിൽ മോഷണ ശ്രമം നടന്നെന്നും മാതാപിതാക്കളെ മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്നും അറിയിച്ചു. കർമം ചെയ്യാൻ നാട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഫോൺ വെച്ചു. സംശയമൊന്നുമില്ലെന്ന് കരുതിയ സനൽ ഉടൻ തന്നെ നാട്ടിലേക്ക് ട്രെയിൻ കയറുകയായിരുന്നു. പുലർച്ചെ നാട്ടിലെത്തിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ യാതൊരു ചെറുത്തുനിൽപ്പുമില്ലാതെ സനൽ പൊലീസിനൊപ്പം പോകുകയായിരുന്നു. അവരെ കൊന്നത് താനാണെന്ന് സഹോദരനോട് പറയുകയും ചെയ്തു. തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോഴും യാതൊരു ഭാവ വ്യത്യാസവും സനലിനുണ്ടായിരുന്നില്ല. വെട്ടുകത്തിയും കൊടുവാളും ചോരപുരണ്ട വസ്ത്രവുമെല്ലാം പൊലീസിന് ഇയാൾ കാട്ടിക്കൊടുത്ത് നടന്നതെല്ലാം വിവരിച്ചു. സനൽ കുറ്റം സമ്മതിച്ചതോടെ 24 മണിക്കൂറിനുള്ളിൽ കൊലപാതകിയെ അറസ്റ്റു ചെയ്യാനായ ആശ്വാസത്തിലാണ് പൊലീസ്.
കടുത്ത ലഹരിക്കടിമ
സനൽ കടുത്ത ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരി കുത്തിവെക്കാൻ ഉപയോഗിച്ച സിറഞ്ചുകൊണ്ടാണ് കീടനാശിനി മാതാപിതാക്കളിൽ കുത്തിവെച്ചത്. മകന്റെ ലഹരി ഉപയോഗത്തെ മാതാപിതാക്കളും എതിർത്തിരുന്നു. മുംബൈയിൽ ജോലി ചെയ്തുവരികയായിരുന്നു സനൽ. കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ജോലി നഷ്ടപ്പെട്ടത്. മുംബൈയിലെ ജീവിതത്തിൽ നിന്നാണോ ലഹരിക്കടിമയായത് എന്ന സംശയമുണ്ട്. ജോലി പോയതിന് ശേഷം മാതാപിതാക്കളുടെ കൂടെയായിരുന്നു സനൽ കഴിഞ്ഞിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London