പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകുന്നേരം തുറക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായ ചടങ്ങുകൾ ഇല്ലാതെയാണ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. പൂർത്തിയാകാൻ എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് ദേശീയപാത ചീഫ് എൻജിനീയർ എം അശോക് കുമാർ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്ന് നൽകുക.
41 കോടി 70 ലക്ഷം രൂപ ചിലവിട്ട് ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് നിർമിച്ച പാലാരിവട്ടം പാലത്തിൽ ഉദ്ഘാടനം നടത്തി ഒരു വർഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് മദ്രാസ് ഐ ഐ ടിയും ഇ ശ്രീധരൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. 2019 മെയ് 1ന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു.
സുപ്രീംകോടതിയുടെ അനുമതിയോടെ 2020 സെപ്തംബർ 28ന് പാലത്തിൻറെ പുനർനിർമാണം ആരംഭിച്ചു. ഡി.എം.ആർ.സിയെ നിർമാണ ചുമതല എൽപ്പിച്ച പാലത്തിൻറെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കൽ പാലം പണി പൂർത്തിയാക്കിയത്.
പാലത്തിൻറെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിച്ചു. പിയറുകളും പിയർ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംഭിച്ച നാൾ മുതൽ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനശേഷം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ പാലം സന്ദർശിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London